Photo: PTI
ഗോ ഫസ്റ്റ് സര്‍വീസ് നിര്‍ത്തിവെച്ചതോടെ പൈലറ്റുമാര്‍ കൂട്ടത്തോടെ എയര്‍ ഇന്ത്യയില്‍ അഭിമുഖത്തിന്. ഏതാനും ദിവസംകൊണ്ട് എഴുന്നൂറോളം പേരാണ് എയര്‍ ഇന്ത്യയിലേക്ക് പൈലറ്റാകാന്‍ അപേക്ഷ നല്‍കിയത്. ഗുഡ്ഗാവില്‍ നടന്ന വാക്ക്-ഇന്‍ അഭിമുഖത്തില്‍ പങ്കെടുക്കാനെത്തിയവരുടെ എണ്ണം കൂടിയതോടെ അഭിമുഖത്തിനു മുന്‍കൂര്‍ നിശ്ചയിച്ച സമയം നീട്ടേണ്ടതായും വന്നു.
വിമാനങ്ങള്‍ 12 വരെ റദ്ദാക്കി
സാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച ഗോ ഫസ്റ്റിന്റെ സര്‍വീസുകള്‍ മേയ് 12 വരെ റദ്ദാക്കി. നേരത്തേ മേയ് മൂന്നുമുതല്‍ മൂന്നു ദിവസത്തേക്കായിരുന്നു സര്‍വീസുകള്‍ ഒഴിവാക്കിയത്. തകരാറിലായവയ്ക്കുപകരം എന്‍ജിന്‍ ലഭിക്കാതെ കമ്പനിയുടെ പകുതിയോളം വിമാനങ്ങള്‍ ഉപയോഗിക്കാനാകുന്നില്ല. ഇത് പണലഭ്യതയെ ബാധിച്ചതോടെ ഇന്ധനക്കമ്പനികള്‍ക്ക് പണം നല്‍കാന്‍ കഴിയാതെയായി. ഇതാണ് പെട്ടെന്ന് സര്‍വീസ് നിര്‍ത്തുന്നതിലേക്കു കമ്പനിയെ നയിച്ചത്.
കമ്പനിയെ തകര്‍ക്കാന്‍ ശ്രമമെന്ന് ഗോ ഫസ്റ്റ്
മുംബൈ: അമേരിക്കന്‍ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നിയാണ് ഗോ ഫസ്റ്റിന് എന്‍ജിനുകള്‍ നല്‍കാമെന്നേറ്റത്. എന്നാല്‍, തകരാറിലായവയ്ക്കുപകരം എന്‍ജിന്‍ നല്‍കുന്നതില്‍ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി തുടര്‍ച്ചയായി വീഴ്ചവരുത്തുകയാണ്. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയിലും ഇതേ പ്രശ്‌നമുണ്ട്. രാജ്യത്ത് പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി എന്‍ജിന്‍ നല്‍കുന്ന 178 വിമാനങ്ങളില്‍ 65 എണ്ണം നിലത്തിറക്കിയിട്ടുണ്ടെന്നാണ് ഗോ ഫസ്റ്റ് പറയുന്നത്. ഇതില്‍ 30 എണ്ണമാണ് ഗോ ഫസ്റ്റിന്റേത്.
60 കമ്പനികള്‍ക്ക് പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി എന്‍ജിന്‍ നല്‍കുന്നുണ്ട്. ഇതില്‍ നാലു കമ്പനികള്‍ക്കാണ് 25 ശതമാനത്തിലധികം വിമാനങ്ങള്‍ നിലത്തിറക്കേണ്ടി വന്നിട്ടുള്ളത്. രണ്ടെണ്ണം ഇന്ത്യയില്‍നിന്നുള്ളതാണ്. അഞ്ചുശതമാനം വിതരണ സ്ലോട്ടുകള്‍ ഗോ ഫസ്റ്റിനു മുന്‍ഗണനയോടെ നല്‍കാമെന്നാണ് പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി ഇപ്പോള്‍ അറിയിച്ചിട്ടുള്ളതെന്ന് ഗോ ഫസ്റ്റ് സൂചിപ്പിച്ചു. 54 ശതമാനത്തോളം വിമാനങ്ങള്‍ ഉപയോഗിക്കാനാകാതെ കിടക്കുമ്പോഴാണിത്. ഗോ ഫസ്റ്റിനെ തകര്‍ക്കാനാണ് ഇതിലൂടെ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി ശ്രമിക്കുന്നതെന്നും കമ്പനി ആരോപിക്കുന്നു.
Content Highlights: go first crisis made about 700 pilots to attend air india interview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..