പ്രതീകാത്മക ചിത്രം | ഫോട്ടോ: AP
ന്യൂഡൽഹി: ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണെന്ന ആംനസ്റ്റി ഇന്റർനാഷണലിന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ച് കേന്ദ്രസർക്കാർ. രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്നതിനായി സന്നദ്ധപ്രവർത്തനങ്ങളെ ഒഴിവുകഴിവാക്കരുതെന്ന് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. മനുഷ്യാവകാശപ്രവർത്തനങ്ങളെക്കുറിച്ചുള്ള സംഘടനയുടെ വാദങ്ങൾ നിയമപരമല്ലാത്ത പ്രവർത്തനങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംഘടന നടത്തിവരുന്ന നിയമവിരുദ്ധമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമംകൂടിയാണ് ആംനസ്റ്റിയുടെ പ്രസ്താവന. ആംനസ്റ്റിക്ക് ഇന്ത്യയിൽ പ്രവർത്തനങ്ങൾ തുടരാം. പലസംഘടനകളും ഇത്തരത്തിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പ്രവർത്തനം രാജ്യത്തെ നിയമങ്ങൾക്കനുസൃതമായിരിക്കണം. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ്.
തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ആംനസ്റ്റി നടത്തിയ പ്രസ്താവനകള്‍ കാര്യങ്ങളെ പെരുപ്പിച്ച് അവതരിപ്പിക്കലാണ്. വസ്തുതകളിൽ നിന്നും ഏറെ വിഭിന്നമായ കാര്യമാണ് സംഘടന പറയുന്നതെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വിദേശവിനിമയം ചട്ടം ലംഘിച്ചുകൊണ്ട് വിദേശസാമ്പത്തിക സഹായം സ്വീകരിച്ചുവെന്നാണ് ആംനസ്റ്റി ഇന്റർനാഷണലിനെതിരെയുള്ള ആരോപണം. നിലവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതിൽ അന്വേഷണം നടത്തുകയാണ്. സെപ്തംബർ പത്തിന് സംഘടനയുടെ ഇന്ത്യയിലെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു.
തുടർന്നാണ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി ആംനസ്റ്റി പ്രഖ്യാപിച്ചത്. പ്രവർത്തനം മുന്നോട്ടുകൊണ്ടുപോവാൻ പറ്റാത്ത സ്ഥിതിയാണെന്നും സർക്കാർ ബോധപൂർവം ഇത്തരം സംഘടനകളെ വേട്ടയാടുന്നുവെന്നും ആംനസ്റ്റി പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു. ഇന്ത്യയിലെ പ്രവർത്തനങ്ങൾ മുഴുവനായും അവസാനിപ്പിക്കുന്നുവെന്നും ജീവനക്കാരെ മുഴുവൻ പിരിച്ചുവിടുമെന്നും സംഘടന വ്യക്തമാക്കി.
Content Highlights:Glossy Statements About Humanitarian Work A Ploy Centre On Amnesty
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..