പ്രതീകാത്മകചിത്രം | Mathrubhumi archives
ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള സ്വര്ണക്കടത്തുകാര് ഗള്‍ഫ് മേഖലയില്‍നിന്ന് പിന്തിരിയുന്നു. വിമാനമാര്‍ഗം കടത്ത് സുരക്ഷിതമല്ലെന്നുകണ്ട് അവര്‍ മ്യാന്മാര് അതിര്‍ത്തിയിലേക്ക് ചുവടുമാറ്റുന്നു. വിമാനത്താവളത്തില്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണം ശക്തമായതും കോവിഡ് അടച്ചിടലും ഇതിന് കാരണമായെന്ന് റവന്യൂ ഇന്റലിജന്‍സ് വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വരുന്ന വഴി
ചൈനയില്‍നിന്നാണ് മ്യാന്മാറിലേക്ക് അനധികൃതമായി സ്വര്‍ണമെത്തുന്നത്. തുടര്‍ന്ന് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പുര്‍, മിസോറം എന്നിവിടങ്ങളിലേക്ക് റോഡ് മാര്‍ഗം എത്തുന്നു. ഇന്ത്യാ- മ്യാന്മാര് അതിര്‍ത്തിയിലെ നിബിഢവനമേഖലയും സ്വര്‍ണക്കടത്തുകാര്‍ക്ക് ഈ മാര്‍ഗം പ്രിയപ്പെട്ടതാക്കുന്നു.
വടക്കുകിഴക്കന്‍ മേഖലയില്‍ മ്യാന്മാര്, ബംഗ്ലാദേശ്, ഭൂട്ടാന്, നേപ്പാള്‍, ചൈന എന്നീ രാജ്യങ്ങളുമായി ഇന്ത്യ അതിര്‍ത്തി പങ്കിടുന്നു. അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്തുള്ള റൂയിലി, മ്യാന്മാറില് വരുന്ന മ്യൂസ് എന്നീ നഗരങ്ങള്‍ വഴിയാണ് കടത്ത്.
മ്യൂസില്നിന്ന് മാണ്ഡലേ-കലേവാ റൂട്ട് വഴി ഇന്ത്യാ-മ്യാന്മാര് അതിര്‍ത്തിയിലെത്തിക്കും. മ്യാന്മാര്-ഇന്ത്യ അതിര്ത്തിമേഖലയിലുള്ളവരുടെ സ്വതന്ത്രസഞ്ചാരം അനുവദനീയമാണ്. പാസ്പോര്‍ട്ടോ വിസയോ ഇല്ലാതെ ഇരുരാജ്യക്കാര്‍ക്കും പരസ്പരം 16 കിലോമീറ്റര്‍ വരെ മറുരാജ്യത്തേക്ക് കടന്നുചെല്ലാം. അതിനാല്‍ അതിര്‍ത്തിമേഖലയില്‍ താമസിക്കുന്നവരെ സ്വര്ണക്കടത്തുകാര് തങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നു.
മ്യാന്മാറില് പലയിടത്തായി നേരത്തേ പ്രവര്‍ത്തനം അവസാനിപ്പിച്ച സ്വര്‍ണഖനികളുണ്ട്. ഇവിടെനിന്നുള്ള കണക്കില്ലാത്ത സ്വര്‍ണഖനനവും മ്യാന്മാറിനെ കള്ളക്കടത്തുകാരുടെ ഇഷ്ടകേന്ദ്രമാക്കുന്നു. ചൈന കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ ഇറക്കുമതിക്കാരാണ് ഇന്ത്യ. വര്‍ഷം ഏതാണ്ട് 900 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. 2021-ല്‍ ഇന്ത്യയുടെ സ്വര്‍ണ ഉപഭോഗം 797.3 ടണ്ണാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കൂടിയ കണക്കാണിത്.
മയക്കുമരുന്നു കടത്ത്: വമ്പന്‍മീനുകളെ പിടിക്കണം -നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: രാജ്യത്തേക്ക് മയക്കുമരുന്നിന്റെ പര്‍വതമാണ് കടത്തുന്നതെന്നും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന വമ്പന്‍മീനുകളെ പിടികൂടണമെന്നും അന്വേഷണഏജന്‍സികളോട് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്.
മയക്കുമരുന്നു കടത്തിന്റെ അണിയറയില്‍ ആഗോളമാഫിയയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലേക്ക് കൊക്കെയിന്കടത്ത് മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിച്ചിട്ടുണ്ട്. അന്വേഷണ ഏജന്‍സികളെ കബളിപ്പിച്ചുകൊണ്ടാണ് കടത്തുകാരുടെ പ്രവര്‍ത്തനം. എന്നാല്‍, മയക്കുമരുന്ന് ചെറുപൊതികളിലാക്കി ചില്ലറവില്‍പ്പന നടത്തുന്നവരാണ് പിടിയിലാകുന്നത്. മയക്കുമരുന്നിന്റെ പര്‍വതങ്ങള്‍ ഇന്ത്യയിലേക്ക് കടത്തുന്നവരെയും അതിന് പണമൊഴുക്കുന്നവരെയുമാണ് പിടികൂടേണ്ടത് -നിര്‍മല പറഞ്ഞു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ 65-ാം സ്ഥാപനകദിനസമ്മേളനത്തില് സംസാരിക്കുകയായിരുന്നു മന്ത്രി.
Content Highlights: Glod smuggling gulf myanmar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..