ശ്രീനഗര്‍: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുന്ന 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി ഇന്ത്യന്‍ വോമസേന ജമ്മുകശ്മീരില്‍ വ്യോമാഭ്യാസം സംഘടിപ്പിച്ചു. 'നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കുക' ( Give Wings to Your Dreams ) എന്ന പേരില്‍ ശ്രീനഗറിലെ ദാല്‍ തടാകത്തിന് മുകളിലാണ് എയര്‍ ഷോ സംഘടിപ്പിച്ചത്. കശ്മീര്‍ യുവത്വത്തെ പ്രചോദിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് വ്യോമാഭ്യാസം സംഘടിപ്പിച്ചത്. 14 വര്‍ഷത്തിന് ശേഷമാണ് വ്യോമസേന ഇത്തരത്തിലൊരു എയര്‍ ഷോ ശ്രീനഗറില്‍ നടത്തുന്നത്.

air show
Photo: TAUSEEF MUSTAFA / AFP

ദാല്‍ തടാകത്തിന്റെ കരയില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ അടക്കം ആയിരക്കണക്കിനാളുകളാണ് വ്യോമാഭ്യാസം വീക്ഷിക്കാനായി ഒത്തുകൂടിയത്.  ചെറിയ കുട്ടികളും പെണ്‍കുട്ടികളും എന്‍സിസി കേഡറ്റുകളുമടക്കമുള്ളവര്‍ വ്യോമാഭ്യാസം വീക്ഷിക്കുകയും ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പ്രദേശത്തെ സ്‌കൂളുകളില്‍ നിന്നുള്ള 5,000 വിദ്യാര്‍ഥികള്‍ അടക്കം 10,000 പേര്‍ വ്യോമാഭ്യാസം കാണാനായി എത്തിയതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.  

air show
Photo: TAUSEEF MUSTAFA / AFP

75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായായിരുന്നു ശ്രീനഗറില്‍ വ്യോമസേന വ്യോമാഭ്യാസം സംഘടിപ്പിച്ചത്. ആസാദി കാ മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായാണ് ശ്രീനഗറിലെ വ്യോമസേനാ സ്‌റ്റേഷന്‍ ദാല്‍ തടാകത്തിന് മുകളില്‍ വ്യോമാഭ്യാസം സംഘടിപ്പിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ജമ്മു കശ്മീര്‍  ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. 

air show
Photo: ANI

സുഖോയ്, മിഗ് 21 വിമാനങ്ങളും എയര്‍ക്രാഫ്റ്റുകളും വ്യോമാഭ്യാസത്തിന്റെ ഭാഗമായി. രാജ്യത്തിന്റെ അഭിമാനമായ സൂര്യകിരണ്‍ എയ്റോബാറ്റിക് ടീമിന്റെ പ്രകടനമായിരുന്നു പ്രധാന അകര്‍ഷണങ്ങളിലൊന്ന്. ആകാശ് ഗംഗ പാരാട്രൂപ്പേഴ്‌സും മോട്ടോര്‍ ഗ്ലൈഡേസും കാണികളെ ഹരം പിടിപ്പിച്ചു. യുവാക്കള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് പ്രകടനങ്ങള്‍ വീക്ഷിച്ചത്. ദാല്‍ തടാകത്തെ തൊട്ടുകൊണ്ടുള്ള ചിനൂക്ക് ഹെലികോപ്റ്ററുകളുടെ പ്രകടനത്തോടെയാണ് അഭ്യാസം അവസാനിച്ചത്. 

പിആര്‍ കോമാളിത്തമെന്ന് മൊഹബൂബ മുഫ്തി 

ഇന്ത്യന്‍ വോമസേന ജമ്മുകശ്മീരില്‍ വ്യോമാഭ്യാസം സംഘടിപ്പിച്ചതിനെ വിമര്‍ശിച്ചുകൊണ്ട് പിഡിപി നേതാവ് മൊഹബൂബ മുഫ്തി രംഗത്തെത്തി. ജമ്മുകശ്മീരിന്റെ സാമ്പത്തിക സ്ഥിതി തകരുകയും 2019 മുതല്‍ 40,000 കോടി നഷ്ടം സംഭവിക്കുകയും ചെയ്യുമ്പോള്‍ ഇത്തരത്തില്‍ വ്യോമാഭ്യാസം നടത്തുന്നത് പിആര്‍ കോമാളിത്തമാണെന്ന് അവര്‍ പറഞ്ഞു. സത്യത്തെ മറയ്ക്കുന്ന പിആര്‍ പ്രവര്‍ത്തനം സര്‍ക്കാര്‍ കുറയ്ക്കണം. കശ്മീരിലെ ജനങ്ങളെക്കുറിച്ച് സര്‍ക്കാറിന് ആശങ്കളില്ലെന്നും അവര്‍ പറഞ്ഞു. 

air show
Photo: ANI

 

Content Highlights: Give Wings to Your Dreams: IAF air show above Dal Lake enthralls Kashmir youth