ന്യൂഡല്‍ഹി: യുവാക്കള്‍ക്കാണ് ആദ്യം കോവിഡ് വാക്സിന്‍ നല്‍കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്ത് മുതിര്‍ന്ന പൗരന്‍മാരുടെയും മറ്റസുഖങ്ങളുള്ള 45 വയസ്സിന് മുകളിലുള്ള പൗരന്‍മാരുടെയും കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

" എനിക്ക് 70 വയസില്‍ കൂടുതലുണ്ട്. എനിക്ക് പകരം ജീവിതം ബാക്കിയുള്ള യുവാക്കള്‍ക്ക് നിങ്ങള്‍ വാക്‌സിന്‍ നല്‍കണം. എനിക്ക് ഏറിയാൽ 10-15 വര്‍ഷം കൂടിയേ ജിവിതമുള്ള."- വാക്‌സിന്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.എയോട് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അടക്കമുള്ളവര്‍ ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു.  തിങ്കളാഴ്ച രാവിലെ ഡല്‍ഹി എയിംസില്‍ നിന്നാണ് പ്രധാനമന്ത്രി  ആദ്യ ഡോസ് കോവാക്‌സിന്‍ സ്വീകരിച്ചത്. അര്‍ഹരായ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് വാക്സിനെടുത്തതിന് പിന്നാലെ മോദി പറഞ്ഞു.  

രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മോദി വാക്സിന്‍ സ്വീകരിച്ചത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് ഇന്നുമുതല്‍ വാക്സിന്‍ കുത്തിവെയ്പ്പ് ആരംഭിച്ചത്.

Content Highlights: Give vaccine to youngsters, I am above 70: Congress' Mallikarjun Kharge on taking Covid jab