കൊല്‍ക്കത്ത: ബംഗാളില്‍ വികസനം കൊണ്ടുവരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു അവസരം നല്‍കാന്‍ വോട്ടര്‍മാരോട് അഭ്യര്‍ഥിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 'കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും നിങ്ങള്‍ അവസരം നല്‍കി. ഇനി ഞങ്ങള്‍ക്ക് ഒരു അവസരം തരൂ. അഞ്ച് വര്‍ഷത്തിനകം സുവര്‍ണ ബംഗാള്‍ സൃഷ്ടിക്കും' - ബംഗാള്‍ സന്ദര്‍ശനത്തിന്റെ അവസാനഘട്ടത്തില്‍ അദ്ദേഹം പറഞ്ഞു.
2010 ല്‍ ബംഗാളിലെ ജനങ്ങള്‍ മമത ബാനര്‍ജിക്ക് ഭരണം നല്‍കി. എന്നാല്‍ അവര്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാഴായിപ്പോയെന്ന് പത്ത് വര്‍ഷത്തിനുശേഷം ജനം തിരിച്ചറിഞ്ഞു. ജനങ്ങള്‍ കടുത്ത നിരാശയിലാണ്. കോവിഡ് പ്രതിരോധത്തിലും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും പോലും അഴിമതി കാട്ടാതിരിക്കാന്‍ തൃണമൂല്‍ ശ്രമിച്ചില്ല. സംസ്ഥാനത്ത് മൂന്ന് തരത്തിലുള്ള നിയമം അവര്‍ നടപ്പാക്കി. മമത ബാനര്‍ജിയുടെ അനന്തരവനും വോട്ടുബാങ്കിനും സാധാരണക്കാര്‍ക്കും വ്യത്യസ്ത നിയമങ്ങളാണ് ബംഗാളിലുള്ളതെന്ന് അമിത് ഷാ ആരോപിച്ചു.
രാഷ്ട്രീയ പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്ന കാര്യത്തിലാണ് പശ്ചിമ ബംഗാള്‍ ഇന്ന് രാജ്യത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 100 ബിജെപി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. കൊലപാതകികള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് അദ്ദേഹം ചോദിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ 200-ലധികം സീറ്റുകള്‍ നേടി സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഞങ്ങളെ അനുഗ്രഹിച്ചു. ഇനിയും അവര്‍ അത് ആവര്‍ത്തിക്കും. പശ്ചിമ ബംഗാളിലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി പാര്‍ട്ടി വിജയിക്കും - അദ്ദേഹം പറഞ്ഞു.
അതിനിടെ, മമത ബാനര്‍ജിയെ വ്യക്തിപരമായി എതിര്‍ക്കുന്ന തരത്തിലുള്ള പ്രചാരണം നടത്താതെ തൃണമൂല്‍ കോണ്‍ഗ്രസിനെ മൊത്തത്തില്‍ വിമര്‍ശിക്കണമെന്ന നിര്‍ദ്ദേശം അദ്ദേഹം കൊല്‍ക്കത്തയില്‍വച്ച് പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അതിനിടെ, ബിജെപിക്ക് ബംഗാളിന്റെ സംസ്‌കാരവും ചരിത്രവും അറിയില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്.
Content Highlights: Give one chance to PM Modi; we well make a Golden Bengal - Amit Shah