ആല്‍വാര്‍(രാജസ്ഥാന്‍): പശുക്കടത്തുകാരെ കയ്യില്‍ കിട്ടിയാല്‍ തല്ലണമെന്നും, ശേഷം മരത്തില്‍ കെട്ടിയിട്ട് പോലീസിനെ അറിയിക്കണമെന്നും ബി.ജെ.പി എം.എല്‍.എ യുടെ ആഹ്വാനം. വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് നേരത്തെയും വാര്‍ത്തയില്‍ ഇടംനേടിയ ബി.ജെ.പി നേതാവ് ഗ്യാന്‍ ദേവ് അഹൂജയാണ് ഈ പരാമര്‍ശം നടത്തിയത്. കഴിഞ്ഞ ആഴ്ച്ച പശുക്കടത്ത് നടത്തി എന്നാരോപിച്ച് റക്ബര്‍ ഖാന്‍ എന്നയാളെ ആള്‍കൂട്ടം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ ലാലാവണ്ടി ഉള്‍പ്പെടുന്ന മണ്ഡലത്തിലെ എം.എല്‍.എയാണ് അഹൂജ. കൊലപാതകം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷമായിരുന്നു അഹൂജയുടെ പ്രസ്താവന.
 
സ്ഥലം സന്ദര്‍ശിച്ച ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂലൈ 20 രാത്രിയായിരുന്നു റക്ബാര്‍ ഖാന്‍ കൊല്ലപ്പെട്ടത്. എന്നാല്‍ താന്‍ ഉദ്ദേശിച്ചത് പശുക്കടത്തുകാരെ ജനങ്ങള്‍ ഒരുപാട് മര്‍ദിക്കരുതെന്നാണെന്നും അവര്‍ രക്ഷപ്പെടാതിരിക്കാന്‍ മരത്തില്‍ കെട്ടിയിട്ട് പോലീസിനെ ഏല്‍പ്പിക്കണമെന്നാണെന്നും എം.എല്‍.എ പിന്നീട് പറഞ്ഞു. ആരും നിയമം കയ്യിലെടുക്കാതിരിക്കാനാണ് തന്റെ പ്രസ്താവനയെന്നും അഹൂജ കൂട്ടിച്ചേര്‍ത്തു. 
 
യുവാവിന്റെ കൊലപാതകത്തില്‍ പോലീസ് അറസ്റ്റ് ചെയ്തവര്‍ നിരപരാധികളാണ് അവരെ ഉടന്‍ വിട്ടയക്കണം. പോലീസുകാര്‍ നിരപരാധികളെ കരുവാക്കുകയാണ്. പോലീസ് കസ്റ്റഡിയിലാണ് യുവാവ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട യുവാവിന്റെയും കൂട്ടുകാരന്റെയും പേരില്‍ പശുക്കടത്തിന് കേസ് റെജിസ്റ്റര്‍ ചെയ്യണം'- അഹൂജ ആവശ്യപ്പെട്ടു.
 
മൂന്ന് തവണ എം.എല്‍.എ ആയിട്ടുള്ള ഗ്യാന്‍ ദേവ് അഹൂജ തന്റെ പ്രസ്താവനകള്‍ കാരണം മുന്‍പും വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. പശുക്കടത്തുകാര്‍ കൊല്ലപ്പെടേണ്ടവരാണെന്നായിരുന്നു കഴിഞ്ഞ വര്‍ഷം അഹൂജയുടെ പ്രസ്താവന. ജെ.എന്‍.യു വില്‍ നിന്ന് എല്ലാ ദിവസവും ആയിരക്കണക്കിന് ഗര്‍ഭനിരോധന ഉറകളും ഗര്‍ഭചിദ്രത്തിനുള്ള കുത്തിവെപ്പുകളും മദ്യക്കുപ്പികളും കിട്ടാറുണ്ടെന്ന പ്രസ്താവനയും വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ദില്ലിയില്‍ നടക്കുന്ന പകുതി ബലാത്സംഗങ്ങളും ചെയ്യുന്നത് ജെ.എന്‍.യു വിദ്യാര്‍ത്ഥികളാണെന്നും അഹുജ അഭിപ്രായപ്പെട്ടിരുന്നു.

content highlights: Give cow smugglers 2-4 slaps, tie them to a tree and inform police: BJP MLA Gyan Dev Ahuja