"ഒന്നുകില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കൂ, അല്ലെങ്കില്‍ എന്തെങ്കിലും കുത്തിവെപ്പ് നല്‍കി അദ്ദേഹത്തെ കൊന്നേക്കൂ..."കോവിഡ് ബാധിതനായ ഒരാളുടെ  മകന്റെ അപേക്ഷയാണിത്. അച്ഛനെയും കൊണ്ട് 24 മണിക്കൂറായി ആശുപത്രികള്‍ കയറിയിറങ്ങി നിരാശനാവുമ്പോള്‍ ആംബുലന്‍സില്‍ നിന്നുയരുന്ന ചുമയും അച്ഛന്റെ ദൈന്യതയാര്‍ന്ന മുഖവും ഒരു മകനെ ഇത്തരത്തില്‍ പറയാന്‍ പ്രേരിപ്പിക്കുന്നതില്‍ അദ്ഭുതപ്പെടാനില്ല. കോവിഡിന്റെ രണ്ടാം തരംഗം എത്ര ഭീതിദമാണെന്ന്‌ ബോധ്യപ്പെടുത്തുന്ന അനേകം സാക്ഷ്യങ്ങളില്‍ ഒന്ന് മാത്രമാണിത്. 

കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന നിര്‍ണയിക്കല്‍ പോലും അസാധ്യമാക്കിക്കൊണ്ട് രാജ്യത്ത് രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നത് ആരോഗ്യമേഖലയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുമ്പോള്‍ നിസ്സഹായരാവുന്നത് കോവിഡ് ബാധിതരും അവരുടെ ബന്ധുക്കളുമാണ്. രോഗികളുടെ എണ്ണത്തില്‍ കുത്തനെയുണ്ടായ വര്‍ധനവ് ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റിച്ചിരിക്കുകയാണ്. 

മഹാരാഷ്ട്രയിലേയും തെലങ്കാനയിലേയും വിവിധ ആശുപത്രികളില്‍ അച്ഛനുമായി കയറിയിറങ്ങിയ ശേഷമാണ് സാഗര്‍ കിഷോര്‍ നഹര്‍ഷേതിവാര്‍ അച്ഛനെ 'കൊന്നു തരൂ' എന്ന് അപേക്ഷിച്ചത്. വഡോറയിലേയും ചന്ദ്രപ്പുരിലേയും ആശുപത്രികള്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. ആശുപത്രികള്‍ക്ക് പുറത്ത് നിരയായി കിടക്കുന്ന ആംബുലന്‍സുകളില്‍ പ്രായമേറിയ രോഗികള്‍ പ്രവേശത്തിനുള്ള ഊഴവും കാത്ത് കിടപ്പാണ്. 

"രാത്രി ഒന്നരയോടെയാണ് തെലങ്കാനയിലേക്ക് പുറപ്പെട്ടത്, മൂന്ന് മണിയോടെ അവിടെയെത്തി. ആശുപത്രികളില്‍ കിടക്കാന്‍ സൗകര്യമില്ലെന്നറിയിച്ചതോടെ ചന്ദ്രപുരിലേക്ക് മടങ്ങി. അന്നേരം മുതല്‍ ഇവിടെ കാത്ത് നില്‍ക്കുകയാണ്". സാഗര്‍ കിഷോര്‍ അറിയിച്ചു. മണിക്കൂറുകള്‍ കഴിയുന്നതോടെ ആംബുലന്‍സിലെ ഓക്‌സിജന്‍ കുറഞ്ഞു വരികയാണെന്നും ഇത്തരത്തില്‍ കഷ്ടപ്പെടാനനുവദിക്കാതെ അച്ഛനെ വല്ല മരുന്നു നല്‍കി മരിക്കാനനുവദിക്കൂ എന്നുമാണ് സാഗറിന്റെ അപേക്ഷ. 

ചന്ദ്രപ്പുരില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് 850 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്‌. ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് പേര്‍ ജില്ലയില്‍ കോവിഡ് മൂലം മരിച്ചു. 6,953 സജീവരോഗികള്‍ ഇവിടെയുണ്ട്. 

കോവിഡിന്റെ രണ്ടാം തരംഗത്തിലും മഹാരാഷ്ട്രയാണ് ഏറ്റവുമധികം ബാധിക്കപ്പെട്ടിരിക്കുന്നത്. രോഗികള്‍ക്ക് കിടക്കകളോ, വെന്റിലേറ്ററുകളോ മരുന്നോ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു. ഓക്‌സിജന്‍ ലഭ്യതക്കുറവും മരുന്നുക്ഷാമവും പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സൈന്യത്തോട് സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയോടും ഇക്കാര്യം അറിയിച്ചതായി താക്കറെ വ്യക്തമാക്കി. 

രോഗവ്യാപനം നിയന്ത്രിക്കാന്‍ മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ്. അടിയന്തരസാഹചര്യങ്ങളൊഴികെയുള്ള യാത്രകള്‍ക്ക്‌ 15 ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തി. ഷോപ്പിങ് കേന്ദ്രങ്ങള്‍, മാളുകള്‍, ബീച്ചുകള്‍ എന്നിവ അടച്ചു പൂട്ടി. ഹോട്ടലുകളില്‍ പാഴ്‌സല്‍ സൗകര്യം മാത്രം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,952 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 278 പേര്‍ മരിച്ചു. 

Content Highlights: Give A Bed Or Kill Him Plea From Covid-19 Patient's Son In Maharashtra