Representational Image by MikesPhotos from Pixabay
ന്യൂഡല്‍ഹി: ബൈക്കില്ലാത്തതിന് കാമുകി പരിഹസിച്ചതിനെ തുടര്‍ന്ന് യുവാവ് മോഷ്ടിച്ചത് എട്ട് ബൈക്കുകള്‍. ഇയാളെയും മോഷണത്തിന് കൂട്ടാളിയായ സുഹൃത്തിനെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ലളിത്, സഹീദ് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് ബൈക്കില്ലാത്തതിന്റെ പേരില്‍ ലളിതിനെ കാമുകി പരിഹസിച്ചു. പരിഹാസത്തേ തുടര്‍ന്ന് ഒന്നിലധികം ബൈക്കുകള്‍ സ്വന്തമാക്കാന്‍ മോഷ്ടിക്കുക എന്ന തീരുമാനത്തിലേക്ക് ലളിത് എത്തി. ഇക്കാര്യം തന്റെ സുഹൃത്തായ സഹീദിനോട് വിശദീകരിച്ചു.
ഇരുവരും ചേര്‍ന്നാണ് ബൈക്കുകള്‍ മോഷ്ടിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ എട്ട് ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച് അടുത്തതിന് പദ്ധതിയിടുന്നതിനിടെ ദ്വാരക ഏരിയയില്‍ നിന്ന് പോലീസിന്റെ പ്രത്യേക സംഘത്തിന്റെ വലയിലാവുകയായിരുന്നു.
ബൈക്കുകള്‍ മോഷണം പോകുന്ന പരാതികള്‍ വന്നതോടെ നടത്തിയ അന്വേഷണത്തില്‍ രണ്ടുപേരാണ് മോഷണങ്ങള്‍ക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തി. ഇതിനിടെയാണ് നമ്പര്‍പ്ലേറ്റ് ഇല്ലാതെ ലക്ഷങ്ങള്‍ വിലയുള്ള ബൈക്കുകളിലൊന്നില്‍ രണ്ടുപേര്‍ സഞ്ചരിക്കുന്ന വിവരം പോലീസിന് ലഭിച്ചത്.
ഈ വിവരത്തെ പിന്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ലളിതും സഹീദും അറസ്റ്റിലായത്. ബൈക്ക് വിശദമായി പരിശോധിച്ചതില്‍ നിന്ന് ഫെബ്രുവരി 21 ന് ഡല്‍ഹിയിലെ ബിന്ദാപുരില്‍ നിന്ന് മോഷണം പോയ 1.8 ലക്ഷം വിലയുള്ള ബൈക്കാണിതെന്ന് വ്യക്തമായി.
തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ തങ്ങള്‍ ഏഴ് ബൈക്കുകള്‍ കൂടി മോഷ്ടിച്ചിട്ടുണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തി. ബിഹാര്‍ സ്വദേശിയാണ് ലളിത്. ഒമ്പതാംക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ഇയാള്‍ക്കുള്ളത്.
Content Highlights: Girlfriend on Valentine's Day taunts boyfriend for not having a bike, he steals 8
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..