ഗോരഖ്പുര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ സഹോദരന്റെ മരണത്തില്‍ മനം നൊന്ത ഏഴാം ക്ലാസുകാരി സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്തി. വിഷം കലര്‍ത്തിയത് തിരിച്ചറിയാന്‍ കഴിഞ്ഞതു കാരണം വലിയ ദുരന്തം ഒഴിവായി. 

ബൗലിയയിലെ സ്‌കൂളിലാണ് ചൊവ്വാഴ്ച സംഭവം നടന്നത്. പരിപ്പ് കറിയിലാണ് വിഷം കലര്‍ത്താന്‍ കുട്ടി ശ്രമിച്ചത്. സഹോദരന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനാണ് ഇങ്ങനെ ചെയ്തതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.   

ഏപ്രില്‍ രണ്ടിനാണ് കുട്ടിയുടെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ സഹോദരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് പിടിയിലായ ഇതേ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഇപ്പോള്‍ ജുവനൈല്‍ ഹോമിലാണ്.  അനുജന്റെ മരണത്തിന്  പകരം വീട്ടാന്‍ സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികളേയും കൊല്ലാന്‍ കുട്ടി തീരുമാനിക്കുകയായിരുന്നു. 

വിഷം കലര്‍ത്താനുള്ള ശ്രമം അറിഞ്ഞെത്തിയ നാട്ടുകാര്‍ പെണ്‍കുട്ടിയുടെ അമ്മയെ മര്‍ദിച്ചു. സ്‌കൂള്‍  പ്രിന്‍സിപ്പാളിന്റെ പരാതിയെ തുടര്‍ന്ന് കുട്ടിയ്ക്കെതിരെ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലയയ്ക്കുമെന്ന് പോലീസ് അറിയിച്ചു.