ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ടാക്‌സി ഡ്രൈവറെ നടുറോഡില്‍വെച്ച് ആക്രമിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ലക്‌നൗ നഗരത്തിലെ അവാദ് ക്രോസിംഗിലാണ് സംഭവം. കാര്‍ തട്ടിയെന്നാരോപിച്ചാണ് യുവതി ഡ്രൈവറെ ആക്രമിച്ചത്. പ്രശ്‌നത്തില്‍ ഇടപെട്ട മറ്റൊരാളേയും യുവതി മര്‍ദിച്ചു. എന്നാല്‍ എന്നാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. 

ലക്നൗവിലെ അവാദ് ക്രോസിംഗില്‍ ഒരു പെണ്‍കുട്ടി കാര്‍ ഡ്രൈവറെ അടിക്കുകയും അയാളുടെ ഫോണ്‍ നശിപ്പിക്കുകയും ചെയ്തു എന്ന കുറിപ്പോടെ മേഘ് അപ്ഡേറ്റ്‌സ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് ഇതിനകം വീഡിയോ കണ്ടത്. 

സീബ്രാ ക്രോസിങ്ങില്‍വെച്ച് യുവതി കാര്‍ ഡ്രൈവറെ തുടര്‍ച്ചയായി അടിക്കുന്നതും സംഭവത്തെ തുടര്‍ന്ന് ഗതാഗത തടസം ഉണ്ടാകുന്നതും ദൃശ്യങ്ങളില്‍ കാണാം. ട്രാഫിക് പോലീസ് വിഷയത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ യുവതി വീണ്ടും വീണ്ടും ഡ്രൈവറെ അടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചവരോരോടായി വനിതാ പോലീസിനെ വിളിക്കാന്‍ ഡ്രൈവര്‍ ആവശ്യപ്പെടുന്നുണ്ട്. 

മര്‍ദനം തടയാന്‍ എത്തിയ മറ്റൊരാളോട് യുവതി തര്‍ക്കിക്കുകയും അയാളെ തല്ലുകയും ചെയ്തു. തന്റെ ശരീരത്തില്‍ തൊടരുതെന്ന് അയാള്‍ ശബ്ദമുയര്‍ത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് യുവതി ഇയാളുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിക്കുന്നതും തല്ലുന്നതും മറ്റൊരു വീഡിയോയില്‍ കാണാം. എന്തിനാണ് ഡ്രൈവറെ മര്‍ദ്ദിക്കുന്നതെന്ന് ചോദിച്ചപ്പോള്‍, അയാളുടെ കാര്‍ തന്റെ മേല്‍ തട്ടിയെന്നാണ് ഇവർ പറയുന്നത്.

Content Highlights: Girl thrashes taxi driver in middle of street, WATCH viral video