മീററ്റ് (ഉത്തര്‍പ്രദേശ്): മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടയാളെ കാമുകനാക്കിയെന്ന് ആരോപിച്ച് നഴ്‌സിങ് വിദ്യാര്‍ഥിനിയെ പോലീസുകാര്‍ സംഘംചേര്‍ന്ന് മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. മര്‍ദ്ദനത്തിന്റെ വീഡിയോ വൈറലായതിനെത്തുടര്‍ന്ന് വനിതാ കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ നാല് പോലീസുകാരെ അധികൃതര്‍ സസ്‌പെന്‍ഡു ചെയ്തു.

നഴ്‌സിങ് വിദ്യാര്‍ഥിനിയായ യുവതിയേയും സുഹൃത്തെന്ന് അവകാശപ്പെടുന്ന യുവാവിനേയും വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് പോലീസിന് കൈമാറിയത്. പിന്നീട് പോലീസിന് വാഹനത്തിനുള്ളിലും യുവതി ആക്രമിക്കപ്പെട്ടു. 

ഇവര്‍ക്കെതിരെ കുറ്റങ്ങളൊന്നും കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ നടപടി സ്വീകരിക്കാന്‍ പോലീസ് ആദ്യം വിസമ്മതിച്ചു. പിന്നീട് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് ഇരുവരേയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. പിന്നീട് രക്ഷിതാക്കളെത്തി രണ്ടുപേരെയും പോലീസ് കസ്റ്റഡിയില്‍നിന്ന് മോചിപ്പിച്ചു.

Content Highlights: Girl rescued from VHP activists thrashed by cops for choosing muslim partner