ബെംഗലൂരു: തന്നെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പതിനേഴുകാരി സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി. കോളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ആണ്‍സുഹൃത്തിന്റെയും മൂന്ന് സഹപാഠികളുടെയും സഹായത്തോടെയാണ് പിതാവിനെ കൊലപ്പെടുത്തിയത്.

തിങ്കളാഴ്ച പുലര്‍ച്ചെ 12.30യോടെ ബെംഗലൂരുവിലാണ് സംഭവം. കൊല്ലപ്പെട്ടയാള്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ സെക്യൂരിറ്റി മാനേജരായി ജോലി ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

ഞായറാഴ്ച രാത്രിയാണ് പെണ്‍കുട്ടി കൃത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. പുലര്‍ച്ചെ 12.30ഓടെയാണ് കൊലപാതകം നടന്നത്. സംഭവ ദിവസം പെണ്‍കുട്ടിയുടെ അമ്മ സ്ഥലത്തുണ്ടായിരുന്നില്ല.  പുലര്‍ച്ചെ 1.30 ഓടെ പെണ്‍കുട്ടി അയല്‍വാസികളുടെ അടുത്തേക്ക് ഓടിയെത്തി പിതാവിനെ ചില അജ്ഞാതര്‍ ആക്രമിച്ചതായി അറിയിച്ചു. അയല്‍ക്കാർ പോലീസില്‍ വിവരമറിയിച്ചു.

സ്ഥലത്തെത്തിയ പോലീസ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന പിതാവിനെ കണ്ടെത്തി. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് പെണ്‍കുട്ടിയെ ചോദ്യംചെയ്തു. പെണ്‍കുട്ടിയുടെ മൊഴികളില്‍ ചില പൊരുത്തക്കേടുള്ളതായി പോലീസിനു തോന്നി. തുടര്‍ന്ന് നടന്ന വിശദമായ ചോദ്യം ചെയ്യലില്‍ തന്റെ നിര്‍ബന്ധത്തിന് വഴങ്ങി സുഹൃത്തുക്കളാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടി പോലീസിനോട് സമ്മതിക്കുകയായിരുന്നു.

പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നതായി പെണ്‍കുട്ടി ആണ്‍ സുഹൃത്തിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ആണ്‍സുഹൃത്ത് തന്റെ മൂന്ന് സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു. നാലുപേരും പ്രായപൂര്‍ത്തിയാകാത്തവരും പെണ്‍കുട്ടിയുടെ സഹപാഠികളുമാണ്. ആളെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തുക്കള്‍ സ്ഥലം വിട്ടു. തുടര്‍ന്ന് പെണ്‍കുട്ടി തന്‍റെ അനുജത്തിയെ വിളിച്ചുണര്‍ത്തി സഹായത്തിനായി നിലവിളിക്കുകയും അയല്‍വാസികളെ വിവരമറിയിക്കുകയും ചെയ്തു.

കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടന്നുവെന്ന് പറയുന്നത് ശരിയാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രാഥമിക വിലയിരുത്തലില്‍ പെണ്‍കുട്ടി പറയുന്നത് ശരിയാണെന്നും പെണ്‍‌കുട്ടിയുടെ അമ്മ ഇത് ശരിവെച്ചതായും പോലീസ് പറയുന്നു.

Content Highlights: girl kills father with help of boyfriend and friends for sexually molesting her