സൂറത്ത്: ശരീരത്തില്‍ 86 മുറിവുകളുമായി 11 കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. മരിച്ച പെണ്‍കുട്ടിയെ ദിവസങ്ങളോളം തടങ്കലില്‍വച്ച് മര്‍ദ്ദനത്തിനും ബലാത്സംഗത്തിനും ഇരയാക്കിയതായി മൃതദേഹ പരിശോധനയില്‍ കണ്ടെത്തി.

സൂറത്തിലെ ഭെസ്താനില്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടിയുടെ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. അതേസമയം ഇതുവരെ കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തില്‍ കണ്ട മുറിവുകളുടെ സ്വഭാവം വെച്ച് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടാകാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മുറിവുകളില്‍ ചിലതിന് ഒരാഴ്ചയോളം പഴക്കമുണ്ട്. 

അതേസമയം പെണ്‍കുട്ടി ആരാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ വിവരങ്ങള്‍ തേടാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. മാത്രമല്ല പെണ്‍കുട്ടിയെപ്പറ്റി വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.