കോയമ്പത്തൂര്‍:  ദുരന്ത നിവാരണ പരീശീലനത്തിനിടെ വിദ്യാര്‍ഥിനി കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണുമരിച്ചു.  കോയമ്പത്തൂരിലെ കലൈമഗള്‍ കോളേജ് ഓഫ് ആര്‍ട് ആന്‍ന്‍ഡ് സയന്‍സിലെ ലോകേശ്വരി (19) എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്.  

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. കോളേജ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടാന്‍ പരിശീലകന്‍ നിര്‍ബന്ധിക്കുന്നതും  ഭയം മുലം ഇതിന് കൂട്ടാക്കാതെ ലോകേശ്വരി വിസമ്മതിക്കുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. ഇതേ തുടര്‍ന്ന് പരിശീലകന്‍ ലോകേശ്വരിയെ താഴേക്ക് ചാടാനായി തള്ളുകയായിരുന്നു. ബലം പ്രയോഗിച്ച് പിടിച്ചു നിന്നതിനാല്‍ പെണ്‍കുട്ടി താഴത്തെ നിലയിലെ സണ്‍ ഷേഡില്‍ തലയിടിച്ചാണ് വീണത്. 

തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. കഴുത്തിനും തലയ്ക്കുമേറ്റ പരിക്കാണ് മരണകാരണം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടമുണ്ടായാല്‍ എമര്‍ജെന്‍സി വിന്‍ഡോ ഉപയോഗിച്ച് ചാടി രക്ഷപ്പെടുന്നതെങ്ങനെയെന്നതിന്റെ പരിശീലനമാണ് കോളേജില്‍ നടന്നത്.