ചെറിയ കുട്ടികള്‍ക്ക് ടീച്ചര്‍മാരും സാറന്മാരും എന്തിനാണ് ഇത്രയധികം എഴുതാനും പഠിക്കാനും തരുന്നത്? പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് പരാതി, ഒരു ആറ് വയസ്സുകാരിയായ കശ്മീരി പെണ്‍കുട്ടിയുടേത്‌. രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ ഓണ്‍ലൈനില്‍ ക്ലാസ്, പോരാത്തതിന് ഗൃഹപാഠവും. എങ്ങനെ പരാതിപ്പെടാതിരിക്കും. പ്രധാനമന്ത്രിയെ നേരിട്ട് കാണുന്നത് പ്രയാസമാണ്, എന്നാല്‍ പിന്നെ ഒരു വീഡിയോ എടുത്തേക്കാം, ഒരു പക്ഷെ, മോദി സാബിന്റെ ശ്രദ്ധയില്‍ പെട്ടാല്‍ തന്റെ 'കഷ്ടപ്പാടിന്' പരിഹാരമായാലോയെന്ന് നിഷ്‌കളങ്കയായ ആ കുഞ്ഞ് കരുതിയിട്ടുണ്ടാവണം. 

അതീവഗൗരവത്തിലാണ് കുഞ്ഞിന്റെ വര്‍ത്തമാനം. പ്രധാനമന്ത്രിയ്ക്ക് വന്ദനം പറഞ്ഞും താനൊരു ആറു വയസ്സുകാരി പെണ്‍കുട്ടിയാണെന്ന് പരിചയപ്പെടുത്തിയുമാണ് സംസാരം ആരംഭിക്കുന്നത്. 'സൂം ക്ലാസ്സുകളെ കുറിച്ച് ഞാന്‍ അങ്ങയോട് പറയാം. ആറ് വയസ് പ്രായമുള്ളവര്‍, അതായത് ചെറിയ കുട്ടികള്‍- അവര്‍ക്കെന്തിനാണ് ടീച്ചര്‍മാരും സാറന്മാരും ഇത്രയും പഠിക്കാനും എഴുതാനും തരുന്നത്? 

എനിക്ക് രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ക്ലാസ് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് തീരുന്നത്. ഇംഗ്ലീഷ്, കണക്ക്, പിന്നെ ഉറുദു, ഇ.വി.എസ്. പിന്നെ കമ്പ്യൂട്ടറും. ആറിലും ഏഴിലും പഠിക്കുന്ന വലിയ കുട്ടികള്‍ക്കാണ്  ഇത്രയധികം പണി കൊടുക്കേണ്ടത്.' തുടര്‍ന്ന് ഒരു നെടുവീര്‍പ്പ്. 'എന്തു ചെയ്യാനാ, കുഴപ്പമില്ല, ഗുഡ് ബൈ മോദി സാബ്' എന്ന പറഞ്ഞാണ് സംസാരം അവസാനിപ്പിക്കുന്നത്. 

എന്തായാലും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. കോവിഡ് പ്രതിസന്ധിയില്‍ വിദ്യാലയങ്ങള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ഓണ്‍ലൈനിലൂടെ തുടരുന്ന ക്ലാസുകളുടെ ദൈര്‍ഘ്യമേറുന്നതും കുട്ടികള്‍ക്കനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുമുള്ള കമന്റുകള്‍ വീഡിയോയ്ക്ക് താഴെ വന്നു. കുട്ടികള്‍ അധികസമയം ഫോണുകളിലും കമ്പ്യൂട്ടറുകളിലും ചെലവിടുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും കമന്റുകളില്‍ ചര്‍ച്ചയായി.  

എന്തായാലും മോദിജി കണ്ടോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ലെങ്കിലും അതീവനിഷ്‌കളങ്കമായ പരാതി ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ജനറല്‍ മനോജ് സിന്‍ഹയുടെ ശ്രദ്ധയില്‍ പെട്ടു. കുഞ്ഞിന്റെ വീഡിയോ ഷെയര്‍ ചെയ്തതിനോടൊപ്പം കുട്ടികളുടെ പഠനഭാരം കുറയ്ക്കാനുള്ള പദ്ധതി 48 മണിക്കൂറിനുള്ളില്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍  വിദ്യാഭ്യാസ വകുപ്പിന് അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്തു. 

Content Highlights: Girl, 6, Asks, Why So Much Work, PM Modi? Viral Video