ലഖ്‌നൗ:  ഉത്തര്‍പ്രദേശില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ലഖിംപുര്‍ ഖേരി ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്‌.

കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ടുണ്ടാക്കിയ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ നിന്ന് 200 മീറ്റര്‍ മാത്രം അകലെ വെള്ളമില്ലാത്ത കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട കുട്ടിക്ക് 17 വയസായിരുന്നു പ്രായം.  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാത്സംഗം നടന്നതായി കണ്ടെത്തിയിട്ടുണ്ട്‌.

കഴിഞ്ഞ തിങ്കളാഴ്ച തൊട്ടടുത്തുള്ള ടൗണിലേക്ക് സ്‌കോളര്‍ഷിപ്പിനായുള്ള ഫോറം പൂരിപ്പിച്ച് നല്‍കാനായി പോയ പെണ്‍കുട്ടി പിന്നീട് തിരികെ വന്നില്ല. രാവിലെ 8.30 നാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് പുറത്തേക്ക് പോയത്. സംഭവത്തിന് ഉത്തരവാദികളായവരെ ഉടന്‍ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു.

ഇതേ ജില്ലയില്‍ 10 ദിവസത്തിനിടെ സമാനമായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്‌. സ്വാതന്ത്ര്യദിനത്തിലാണ്‌ 13 വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Content Highlights: Girl, 17, Raped, Killed In Uttar Pradesh District; Second Such Incident In 10 Days