'വിശന്നിരിക്കുക, വിഡ്ഢിത്തമായിക്കോട്ടെ തുറന്നുപറയുക' സ്റ്റീവ് ജോബ്‌സ് ഒരിക്കല്‍ പറഞ്ഞതിന്റെ അര്‍ഥം ഞങ്ങള്‍ തിരിച്ചറിഞ്ഞു- ന്യൂയോര്‍ക്ക് ഓഹരി വിപണിയായ നാസ്ദാകില്‍ ലിസ്റ്റ് ചെയ്തതോടെ 500 ഓളം ഇന്ത്യന്‍ ജീവനക്കാരും ഒറ്റ ദിവസം കൊണ്ട് കോടിപതികളായി മാറിയ വാര്‍ത്തയില്‍ ഇടംപിടിച്ച ഫ്രഷ് വര്‍ക്ക്‌സ് സോഫ്റ്റ് വെയര്‍ കമ്പനി സ്ഥാപകന്‍ ഗിരീഷ് മാതൃഭൂതം പറയുന്നു. ഫ്രഷ് വര്‍ക്‌സിനെ സംബന്ധിച്ച് വീണ്ടും ഒന്നേന്ന് യാത്ര തുടങ്ങുകയാണ്. കാരണം പൊതുജനത്തിന്റെ പങ്കാളിത്തത്തോടെ ആഗോള സോഫ്റ്റ് വെയര്‍ ഉത്പന്നത്തിന്റെ നിര്‍മ്മിതിയിലേക്കുള്ള യാത്രയിലാണ്-ഗിരീഷ്‌ മാതൃഭൂതം പറയുന്നു.

അമേരിക്കന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് ഫ്രെഷ് വര്‍ക്ക്സ് എന്ന സോഫ്റ്റ് വെയര്‍ ആസ് എ സര്‍വീസ്(എസ്.എ.എസ്.) കമ്പനിയിലെ ജീവനക്കാര്‍ കോടിപതികളായി മാറിയത്. സെപ്റ്റംബര്‍ 22-നാണ് യു.എസിലെ നാസ്ദാക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഫ്രെഷ് വര്‍ക്ക്സ് ഐ.എന്‍.സി. ലിസ്റ്റ് ചെയ്യപ്പെട്ടത്. അതോടെ കമ്പനിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 13 ബില്യന്‍ ഡോളര്‍ കടന്നു. നാസ്ദാക്കില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ എസ്.എ.എസ്. കമ്പനിയെന്ന പ്രത്യേകത കൂടി ഫ്രെഷ് വര്‍ക്ക്സിനുണ്ട്. 

2010 ല്‍ ഫ്രഷ് ഹെല്‍പ്‌ഡെസ്‌ക് എന്ന ആശയത്തില്‍ നിന്നാണ് ഫ്രഷ് വര്‍ക്കിന്റെ തുടക്കം. 52,500 ഉപഭോക്താക്കളുമായി കമ്പനി വളര്‍ന്നു. വിജയിക്കുമെന്ന് ഒരു ഉറപ്പുമില്ലാതിരുന്നു. അങ്ങനെയാണ് തുടങ്ങിയത്. വമ്പന്‍ ഐടി കമ്പനികളും കോര്‍പറേറ്റുകളും വിഹരിക്കുന്നിടത്ത് ഇന്ത്യയില്‍ നിന്നൊരു കമ്പനി എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറം വളര്‍ന്നു. ജീവനക്കാരുടെ സമര്‍പ്പണവും പ്രതിബദ്ധതയുമാണ് ഇതിന് കാരണമായത്-ഗിരീഷ് പറയുന്നു.

image
Photo Courtesy: twitter.com/Sequoia_India

ആറില്‍നിന്ന് 4,300 ജീവനക്കാരിലേക്ക്

2010-ല്‍ വെറും ആറ് അംഗങ്ങളുമായാണ് ഫ്രഷ് വര്‍ക്ക്സ് പ്രവര്‍ത്തനം ആരംഭിച്ചത്. ചെന്നൈയിലെ 700 സ്‌ക്വയര്‍ ഫീറ്റ് വെയര്‍ഹൗസില്‍നിന്ന് സിലിക്കന്‍ വാലിയിലേക്ക് കമ്പനി വളര്‍ന്നു. ഇന്ന് ആകെ 4,300 ജീവനക്കാര്‍. ഇതില്‍ 76 ശതമാനത്തിലധികം പേരും കമ്പനി ഓഹരിയുടമകളാണ്. ഫ്രഷ് വര്‍ക്ക്‌സിന്റെ തകര്‍പ്പന്‍ ഐ.പി.ഒയ്ക്കു പിന്നാലേ കമ്പനിയുടെ അഞ്ഞൂറിലധികം ജീവനക്കാര്‍ കോടിപതികളായി മാറി. ഇതില്‍ ചുരുങ്ങിയത് 70 ശതമാനം പേരും 30 വയസ്സില്‍ താഴെയുള്ളവരാണ് എന്നതാണ് കൗതുകമുള്ള കാര്യം. 

കമ്പനിയുടെ ഇനിഷ്യല്‍ പബ്ലിക് ഓഫ(ഐ.പി.ഒ.)റാണ് എംപ്ലോയി സ്റ്റോക്ക് ഓണര്‍ഷിപ്പി(ഇ.എസ്.ഒ.പി.)ലൂടെ ജീവനക്കാരെ വലിയ തുകകളുടെ ഉടമകളാക്കിയതെന്ന് കമ്പനിയുടെ സ്ഥാപകരില്‍ ഒരളും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഗിരീഷ് മാതൃഭൂതം പറഞ്ഞു.

ഞാന്‍ വിശ്വസിക്കുന്നത്, ധനം അത് സൃഷ്ടിച്ചവര്‍ക്കു പങ്കുവെക്കണം എന്നാണ്. അല്ലാതെ സ്ഥാപകര്‍ക്ക് കൂടുതല്‍ സമ്പന്നരാകാനല്ല- മാതൃഭൂതം മാധ്യമങ്ങളോടു പ്രതികരിച്ചു. വിപണി ബുധനാഴ്ച ക്ലോസ് ചെയ്യുമ്പോള്‍ ഫ്രഷ് വര്‍ക്ക്സിന്റെ ഷെയറൊന്നിന്റെ മൂല്യം 47.55 ഡോളറായിരുന്നു. ഐ.പി.ഒ വില നിശ്ചയിച്ചത് ഓഹരി ഒന്നിന് 36 ഡോളറായിരുന്നു. ലിസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വില 47 ഡോളര്‍ കടന്നത്‌. അന്നത്തേതിനെ അപേക്ഷിച്ച് 32 ശതമാനം വര്‍ധനായാണിത്.

രജിനികാന്ത് രസികനായ സി.ഇ.ഒ.

എന്‍ജിനീയറിങ് ബിരുദധാരിയായ ഗിരീഷ് മാതൃഭൂതം തമിഴ്നാട്ടിലെ തിരുച്ചി സ്വദേശിയാണ്. ബിരുദപഠനത്തിനു ശേഷം മദ്രാസ് സര്‍വകലാശാലയില്‍നിന്ന് മാര്‍ക്കറ്റിങ്ങില്‍ എം.ബി.എ. കരസ്ഥമാക്കി. സോഹോ കോര്‍പറേഷന്‍ എന്ന സ്ഥാപനത്തില്‍ പ്രോഡക്ട് മാനേജ്‌മെന്റ് ഡയറക്ടറാകുന്നതോടെയാണ് ഗിരിഷിന്റെ പ്രൊഫഷണല്‍ കരിയറില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുന്നത്. 

സോഹയില്‍ രണ്ടുകൊല്ലം പ്രൊഡക്ട് മാനേജ്‌മെന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചതിനു പിന്നാലെ, ഗിരീഷ് കമ്പനിയുടെ പ്രൊഡക്ട് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റായി. ഏകദേശം അഞ്ചുകൊല്ലത്തിനു ശേഷം സോഹോ വിട്ട ഗിരീഷ് സ്വന്തമായി കമ്പനി ആരംഭിച്ചു. ഫ്രഷ് ഡെസ്‌ക് എന്നായിരുന്നു കമ്പനിയുടെ ആദ്യത്തെ പേര്. 2017-ല്‍ കമ്പനി ഫ്രഷ് വര്‍ക്ക്‌സ് എന്ന് റീ ബ്രാന്‍ഡ് ചെയ്തു. 

വലിയ രജിനികാന്ത് ആരാധകനാണ് ഗിരീഷ് മാതൃഭൂതം. സിഎന്‍ബിസി ടിവി 18-നുമായുള്ള അഭിമുഖത്തില്‍, ഫ്രഷ് വര്‍ക്ക്‌സിന്റെ യാത്രയെ കുറിച്ചുള്ള ചോദ്യത്തിന് സൂപ്പര്‍സ്റ്റാറിന്റെ പടയപ്പ സിനിമയിലെ വരികള്‍ ഉദ്ധരിച്ചാണ് മറുപടി നല്‍കിയത്: സിംഗ നട പോട്ട് സിഗരത്തില്‍ ഏറ്... സിഗരത്തൈ അടൈന്താല്‍ വാനത്തില്‍ ഏറ്..( സിംഹത്തെ പോലെ നടന്ന് കൊടുമുടി കയറൂ ... കൊടുമുടി കയറിക്കഴിഞ്ഞാല്‍ ആകാശത്തെയും കീഴടക്കൂ... ). 

നാസ്ദാക് എന്ന സ്വപ്‌ന സാക്ഷാത്കാരം

തമിഴ്‌നാട്ടിലെ തിരുച്ചിയില്‍നിന്ന് നാസ്ദാക്കില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതുവരെയുള്ള യാത്രയെ സ്വപ്‌ന സാക്ഷാത്കാരം എന്നാണ് ഗിരിഷ് വിശേഷിപ്പിക്കുന്നത്. ഈ സ്വപ്നത്തെ വിശ്വസിച്ചതിന് ജീവനക്കാര്‍, ഉപഭോക്താക്കള്‍, കമ്പനിയിലെ പങ്കാളികള്‍, നിക്ഷേപകര്‍ എന്നിവര്‍ക്ക് അദ്ദേഹം നന്ദി പറയുന്നുമുണ്ട്. 

സി.ആര്‍.എമ്മില്‍(കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്) നിര്‍ണായക ശക്തിയാകുക എന്നതാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം. മാര്‍ക്കറ്റിങ്ങിലെ സങ്കീര്‍ണതകള്‍, വില്‍പനയും ഉപഭോക്തൃ സേവനവും ഒരു ഏകീകൃത കസ്റ്റമര്‍ ക്ലൗഡിലൂടെ ലഘൂകരിക്കുകയാണ് ലക്ഷ്യമിടുന്നത്. അതുവഴി ഭാവിയില്‍ ഐടി, എച്ച്.ആര്‍ സേവനങ്ങള്‍ ലഘൂകരിച്ച് ഒരു യൂണിഫൈഡ് എംപ്ലോയി ക്ലൗഡും നിര്‍മ്മിക്കുന്നത് ഞങ്ങള്‍ സ്വപ്‌നം കാണുന്നു-ഗിരീഷ്‌ മാതൃഭൂതം പറയുന്നു. 

content highlights: girish mathrubhootham fresh works success story employees became crorepatis