ഇസ്ലാമാബാദ്: 40 ഇന്ത്യൻ ജവാൻമാരുടെ ജീവൻ നഷ്ടമായ പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താനാണെന്ന വെളിപ്പെടുത്തലുമായി പാക് മന്ത്രി ഫവാദ് ചൗധരി. പാക് ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അതിർത്തി കടന്നുള്ള ഭീകരവാദത്തെ പാകിസ്താൻ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഒരു മന്ത്രി തന്നെ വ്യക്തമാക്കിയത്.

'നമ്മൾ ഇന്ത്യയെ അതിർത്തി കടന്ന് ആക്രമിച്ചു. പുൽവാമയിലെ നമ്മുടെ വിജയം പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള ജനങ്ങളുടെ വിജയമാണ്. നിങ്ങളും നമ്മളുമെല്ലാം ഈ വിജയത്തിന്റെ ഭാഗമാണ്', മന്ത്രി ഫവാദ് ചൗധരി ദേശീയ അസംബ്ലിയിൽ പറഞ്ഞു.

ചൗധരിയുടെ പ്രസ്താവന സഭയിൽ വലിയ ബഹളമുണ്ടാക്കിയതോടെ മന്ത്രി തന്റെ പ്രസ്താവനയിൽ ചെറിയ തിരുത്തലും വരുത്തി. 'പുൽവമാ ഭീകരാക്രമണത്തിന് ശേഷം നമ്മൾ ഇന്ത്യയെ അവരുടെ മണ്ണിൽ പോയി ആക്രമിച്ചു' എന്നാണ് സഭയിലെ തുടർ മറുപടിയിൽ മന്ത്രി പറഞ്ഞത്. നിരപരാധികളെ കൊലപ്പെടുത്തി ഞങ്ങൾ ധൈര്യം കാണിക്കാറില്ലെന്നും ഭീകരതയെ അപലപിക്കുന്നതായും പിന്നാലെ ചൗധരി ട്വീറ്റ് ചെയ്തു.

പാക് വിദേശകാര്യമന്ത്രി ഖുറേഷിയും സൈനിക മേധാവി ജനറൽ ജാവേദ് ബജ്വയും തമ്മിൽ നടന്ന കൂടിക്കാഴ്ച സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ആയാസ് സാദിഖ് നടത്തിയ വിവാദ വെളിപ്പെടുത്തലിൽ സഭയിൽ നടന്ന ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ വിട്ടയച്ചില്ലെങ്കിൽ ഇന്ത്യ ആക്രമിച്ചേക്കുമെന്ന് വിദേശകാര്യമന്ത്രി പറഞ്ഞതുകേട്ട് പാക് സൈനിക മേധാവിയുടെ മുട്ടിടിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം ആയാസ് സാദിഖ് പറഞ്ഞിരുന്നത്.

content highlights:"Ghus Ke Maara": Pak Minister Brags About Pulwama, Then Changes Tack