ഞാന്‍ ജനറല്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ വേണുഗോപാല്‍ സ്‌കൂളില്‍ പോകുകയായിരുന്നു- ഗുലാം നബി ആസാദ്


ഗുലാം നബി ആസാദ്, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ |ഫോട്ടോ:ANI

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരേ വീണ്ടും രൂക്ഷ വിമര്‍ശനം ഉയര്‍ത്തി, ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. രാഹുല്‍ നല്ല വ്യക്തിയാണെങ്കിലും രാഷ്ട്രീയത്തിന് പറ്റിയ ഗുണം അദ്ദേഹത്തിനില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. വിവിധ ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്നും അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.

'സ്വന്തം ചരിത്രത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവരോട് എനിക്ക് തര്‍ക്കിക്കാന്‍ കഴിയില്ല. ജി-23ന് മുമ്പ് തന്നെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് ഞാന്‍ ഒരു കത്തയച്ചിരുന്നു. എന്നിട്ട് അവര്‍ എന്താണ് ചെയ്തത്. ഉന്നയിച്ച വിഷയങ്ങള്‍ കെ.സി.വേണുഗോപാലുമായി ചര്‍ച്ച ചെയ്യാനും ഏകോപിപ്പിക്കാനുമാണ് ആവശ്യപ്പെട്ടത്. ഞാന്‍ ജനറല്‍ സെക്രട്ടറി ആയിരിക്കുമ്പോള്‍ കെ.സി.വേണുഗോപാല്‍ സ്‌കൂളില്‍ പോകുകയായിരുന്നുവെന്ന് ഞാന്‍ അവരോട് പറഞ്ഞു.

'എന്നാല്‍, രണ്‍ദീപ് സിങ് സുര്‍ജെവാലയോട് സംസാരിക്കാന്‍ അപ്പോള്‍ ആ കുടുംബത്തിലെ ഒരാള്‍ പറഞ്ഞു. ഞാന്‍ ജനറല്‍ സെക്രട്ടറി ആയിരിക്കുമ്പോള്‍ രണ്‍ദീപിന്റെ പിതാവ് സംസ്ഥാന ഘടകത്തിന്റെ ഭാഗമാണ്. അദ്ദേഹം എനിക്ക് കീഴില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ്. ഞാന്‍ എങ്ങനെ അദ്ദേഹത്തിന്റെ മകനുമായി പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. എന്താണ് രാഹുല്‍ ഗാന്ധി ജീ, താങ്കള്‍ പറയുന്നത്', ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിനിടെ ഗുലാം നബി പറഞ്ഞു.

2019-ലെ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ 'ചൗക്കിദാര്‍ ചോര്‍ ഹെ' മുദ്രാവാക്യവുമായി എന്തുകൊണ്ട് സഹകരിച്ചില്ല എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'എന്തിന് സഹകരിക്കണം? ഇത് എന്റേതല്ല, നിങ്ങളുടെ ഭാഷയായിരിക്കാം എന്ന് ഞാന്‍ രാഹുലിനോട് പറഞ്ഞു. അടല്‍ ബിഹാരി വാജ്പേയിയോട് ഇങ്ങനെ പറയണമെന്ന് ഇന്ദിരാഗാന്ധി പോലും ഞങ്ങളോട് പറഞ്ഞിട്ടില്ല. പ്രതിപക്ഷ നേതാക്കളുടെ വീട്ടില്‍ പോകാനാണ് രാജീവ് ഗാന്ധി പറഞ്ഞത്. നമുക്ക് ഇങ്ങനെ സംസാരിക്കാന്‍ കഴിയില്ല. ഞങ്ങളെ ഇങ്ങനെ വളര്‍ത്തിയിട്ടില്ല. ഈ മുദ്രാവാക്യം രാഹുല്‍ ഉയര്‍ത്തിയത് മുതല്‍ പല മുതിര്‍ന്ന നേതാക്കളും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. മന്‍മോഹന്‍ സിങ്, എ.കെ.ആന്റണി, പി.ചിദംബരം ഒപ്പം ഞാനും അതിനെ എതിര്‍ത്തിരുന്നു.

സോണിയ ഗാന്ധിയുടെ ശൈലിയേയും പ്രവര്‍ത്തനങ്ങളേയും രാഹുല്‍ തകര്‍ത്തെന്നും ഗുലാം നബി ആസാദ് ആരോപിച്ചു. രാഹുല്‍ പ്രസിഡന്റായി തിരിച്ചെത്തിയാലും മറ്റാരെങ്കിലും ആ സ്ഥാനത്ത് എത്തിയാലും അയാളുടെ അടിമയായി തന്നെ കഴിയേണ്ടി വരും. അയാളുടെ ഫയലുകള്‍ ചുമക്കേണ്ടവനായി മാറും. എത്ര സമയമാണ് രാഹുല്‍ പാര്‍ട്ടിക്കായി മാറ്റിവെക്കുന്നതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം. അദ്ദേഹത്തിന്റെ പ്രായത്തില്‍ തങ്ങള്‍ 20 മണിക്കൂറാണ് ദിവസവും പാര്‍ട്ടിക്കായി മാറ്റിവെച്ചിരുന്നതെന്നും ഗുലാം നബി പറഞ്ഞു.

പാര്‍ട്ടിയുടെ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന പ്രവര്‍ത്തക സമിതി അര്‍ത്ഥമില്ലാതായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ദിരാ ഗാന്ധിയുടേയും രാജീവിന്റേയും കാലത്ത് പാര്‍ട്ടിയെ തഴച്ചുവളരാന്‍ സഹായിച്ച സമിതിയായിരുന്നു ഇത്. 1998 നും 2004 നും ഇടയില്‍ സോണിയ ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി പൂര്‍ണ്ണമായും കൂടിയാലോചന നടത്തിയിരുന്നു. അവര്‍ അവരെ ആശ്രയിച്ചു, ശുപാര്‍ശകള്‍ സ്വീകരിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധി വന്നതിനുശേഷം, 2004 മുതല്‍, സോണിയ ഗാന്ധി രാഹുല്‍ ഗാന്ധിയെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങി. അങ്ങനെ ചെയ്യാനുള്ള യോഗ്യത അദ്ദേഹത്തിനില്ലായിരുന്നു.

എല്ലാവരും രാഹുല്‍ ഗാന്ധിയുമായി കൂടിയാലോചന നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ ചുമതല രാഹുല്‍ ഏറ്റെടുത്തെങ്കിലും അദ്ദേഹം അതിലൊന്നും ശ്രദ്ധപുലര്‍ത്തിയില്ല. പലതവണ ഓര്‍മപ്പെടുത്തി. ഒരു പദ്ധതിയും പ്രചാരണങ്ങളും നടപ്പാക്കിയില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് ഒമ്പത് വര്‍ഷമായി നല്‍കിയിട്ടുള്ള ശുപാര്‍ശകളെല്ലാം എഐസിസി സ്റ്റോറില്‍ കെട്ടികിടക്കുകയാണ്. പാര്‍ട്ടിയുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ശ്രമങ്ങളും നടന്നിട്ടില്ലെന്നും ആസാദ് പറഞ്ഞു.

അതേസമയം തനിക്ക് വ്യക്തിപരമായ ഒരു വിരോധവും രാഹുല്‍ ഗാന്ധിയുമായി ഇല്ലെന്നും അദ്ദേഹം അഭിമുഖങ്ങള്‍ക്കിടെ പറഞ്ഞു. 'വ്യക്തിപരമായി എനിക്ക് വിരോധമില്ല. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്, മാന്യനാണ്. എപ്പോഴും എന്നോട് ബഹുമാനത്തോടെ പെരുമാറിയിട്ടുണ്ട്. പക്ഷേ ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് അഭിരുചിയില്ല.അച്ഛനെയും മുത്തശ്ശിയെയും പോലെ കഠിനാധ്വാനം ചെയ്യാനുള്ള കഴിവും അദ്ദേഹത്തിനില്ല' എന്‍ഡിടിവിയോട് ആസാദ് വ്യക്തമാക്കി.

ഗുലാം നബി ആസാദിന്റെ അഭിമുഖങ്ങളോട് കോണ്‍ഗ്രസ് രൂക്ഷഭാഷയില്‍ പ്രതികരിച്ചു. ഇത്രയും നീണ്ട കരിയറിന് ശേഷം, ചുമലകള്‍ നല്‍കിയ പാര്‍ട്ടിയെ ദുരാരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തി ആസാദ് സ്വയം താഴുകയാണെന്ന് ജയ്‌റാം രമേശ് പറഞ്ഞു.രാജ്യസഭാ സീറ്റിനും ദേശീയ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള സൗത്ത് അവന്യൂവിലെ ബംഗ്ലാവ് നിലനിര്‍ത്താനുമാണ് ആസാദ് പാര്‍ട്ടിയില്‍ കലാപമുയര്‍ത്തിയതെന്ന് മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.

Content Highlights: ghulam Nabi Azad’s explosion-congress-rahul gandhi-kc venugopal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented