ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പ്രധാനമന്ത്രിയായിട്ടും താന്‍ വന്ന വഴി മോദി മറന്നില്ലെന്നും 'ചായ്‌വാല' എന്ന് അഭിമാനത്തോടെ സ്വയം വിശേഷിപ്പിക്കുന്ന വ്യക്തിയാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. 

ജമ്മുവില്‍ നടന്ന ഒരു പരിപാടിയില്‍ ഗുജ്ജാര്‍ സമുദായാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ജനങ്ങള്‍ നരേന്ദ്രമോദിയില്‍ നിന്ന് പഠിക്കണം. പ്രധാനമന്ത്രിയായിട്ടും അദ്ദേഹം തന്റെ വേരുകള്‍ മറന്നില്ല. അദ്ദേഹം അഭിമാനത്തോടെ സ്വയം വിശേഷിപ്പിക്കുന്നത് ചായ്‌വാലയെന്നാണ്. നരേന്ദ്രമോദിയുമായി എനിക്ക് ശക്തമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമന്ത്രി വളരെ വിനയാന്വിതനായ വ്യക്തിയാണ്', ആസാദ് പറഞ്ഞു.

രാജ്യസഭാംഗമായി വിരമിച്ച ഗുലാംനബി ആസാദിന് മോദി കണ്ണീരോടെ വിടനല്‍കിയതിന് പിറകേയാണ് ഗുലാം നബി ആസാദിന്റെ മോദി പ്രശംസ. ഗുലാം നബി ആസാദിന് വിടനല്‍കിക്കൊണ്ട് നടത്തിയ 13 മിനിട്ട് നീണ്ടുനിന്ന പ്രസംഗത്തില്‍ പലപ്പോഴും മോദി വികരാധീനനായി വിതുമ്പിയിരുന്നു. 2007-ലെ ഭീകരവാദ അക്രമത്തില്‍ കശ്മീരില്‍ അകപ്പെട്ട ഗുജറാത്ത് സ്വദേശികളെ മടക്കിക്കൊണ്ടുവരുന്നതിന് ആസാദ് നല്‍കിയ സഹായങ്ങളേക്കുറിച്ച് വിശദീകരിച്ചപ്പോഴാണ് മോദി വികരാധീനനായത്. 

ശനിയാഴ്ച കോണ്‍ഗ്രസിലെ തിരുത്തല്‍വാദികള്‍ പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും ഒത്തുചേര്‍ന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.  കപില്‍ സിബല്‍, ആനന്ദ് ശര്‍മ, ഭൂപിന്ദര്‍ സിങ് ഹൂഡ, മനീഷ് തിവാരി, വിവേക് തങ്ഖ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. 

'ഇത് സത്യം പറയാനുളള അവസരമാണ്. ഞാന്‍ സത്യം മാത്രമേ പറയൂ. എന്തുകൊണ്ടാണ് നാം ഇവിടെ കൂടിയത്? കാരണം നാം കാണുന്നുണ്ട്- കോണ്‍ഗ്രസ് ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന്. നാം നേരത്തേയും ഒത്തുചേര്‍ന്നിരുന്നു. ഒത്തൊരുമിച്ച് നമുക്ക് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണം', യോഗത്തില്‍ കപില്‍ സിബല്‍ പറഞ്ഞു.

Content Highlights: Ghulam Nabi Azad praises PM  Narendra Modi