ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കത്തെഴുതിയതിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന കപില്‍ സിബല്‍, ഗുലാം നബി ആസാദ് തുടങ്ങിയ നേതാക്കള്‍ രാജിവെച്ച് ബിജെപിയില്‍ ചേരണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്താവലെ.

മുതിര്‍ന്ന നേതാക്കളോട് അനാദരവ് കാണിക്കുന്നുണ്ടെങ്കില്‍ ജ്യോതിരാദിത്യ സിന്ധ്യയെ പോലെ കോണ്‍ഗ്രസ് വിടണം. ബിജെപി അവരെ സ്വാഗതം ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

സച്ചിന്‍ പൈലറ്റിനോടും ഇത്തരത്തില്‍ അനാദരവുണ്ടായി. അദ്ദേഹം പിന്നീട് വിട്ടുവീഴ്ചയിലെത്തി. കോണ്‍ഗ്രസിനെ കെട്ടിപ്പടുത്ത ആളുകളെ കുറ്റപ്പെടുത്തുന്നതില്‍ രാഹുല്‍ ഗാന്ധി തെറ്റായ നീക്കമാണ് നടത്തുന്നതെന്നും അത്താവലെ പറഞ്ഞു.

'കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലി തര്‍ക്കമുണ്ട്. സിബലും ആസാദും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് രാഹുല്‍ ആരോപിച്ചു. അതിനാല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കാന്‍ സിബലിനോടും ആസാദിനോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ അവര്‍ വര്‍ഷങ്ങള്‍ ചിലവഴിച്ചു. എന്നിരുന്നാലും അവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്ന്‌ ബിജെപിയില്‍ ചേരണം' കേന്ദ്ര മന്ത്രി പറഞ്ഞു.

എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഇനിയും വര്‍ഷങ്ങളോളം അധികാരത്തില്‍ തുടരുമെന്നും റിപ്പബ്ലിക്ക് പാര്‍ട്ടി ഓഫ് ഇന്ത്യ (എ) അധ്യക്ഷന്‍ കൂടിയായ അത്താവലെ കൂട്ടിച്ചേര്‍ത്തു. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ 350 ലേറെ സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Content Highlights: Ghulam Nabi Azad and Sibal should join BJP like Scindia-Athawale