കടുത്ത തണുപ്പിലും ദേശീയപാതയിലെ സമരവേദിയിൽ കർഷകർ കുത്തിയിരിക്കുന്നു. ഫോട്ടോ എ.എഫ്.പി
ന്യൂഡല്‍ഹി: ഗാസിപ്പൂരിലെ സമരവേദിയില്‍ നിന്ന് കര്‍ഷകരെ ഒഴിപ്പിക്കാനുളള തീരുമാനത്തില്‍ നിന്ന് ജില്ലാഭരണകൂടം താത്കാലികമായി പിന്‍വാങ്ങി. വ്യാഴാഴ്ച രാത്രി 11 മണിയോടെ ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിപ്പുരിലെ സമരഭൂമിയില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നായിരുന്നു കര്‍ഷകര്‍ക്ക് പോലീസ് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ പോലീസ് നിര്‍ദേശം തള്ളിയ കര്‍ഷകര്‍ സമരഭൂമിയിലേക്ക് സംഘടിച്ചെത്തി.
കര്‍ഷകരെ ഒഴിപ്പിക്കുന്നതിന് വേണ്ടി വന്‍ പോലീസ് സന്നാഹമായിരുന്നു ഗാസിപ്പുരിലെ സമരവേദിക്കു സമീപത്തുണ്ടായിരുന്നത്. ജില്ല മജിസ്ട്രേട്ട് അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും എത്തിയിരുന്നു. എന്നാല്‍ സമരഭൂമിയില്‍നിന്ന് മടങ്ങില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നതോടെ പോലീസും കേന്ദ്രസേനയും ഗാസിപ്പൂരില്‍ നിന്ന് പുലര്‍ച്ചെ ഒരുമണിയോടെ മടങ്ങി. ഇതോടെ ദേശീയപതാകയേന്തി കര്‍ഷകര്‍ ആഹ്ലാദപ്രകടനം നടത്തി.
പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കേ ഗാസിപ്പൂരില്‍ പോലീസ് നടപടിക്ക് മുതിരുകയാണെങ്കില്‍ അത് പാര്‍ലമെന്റില്‍ കേന്ദ്രത്തിനെതിരേ തിരിഞ്ഞേക്കാം എന്ന വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് അധികൃതര്‍ പിന്‍വാങ്ങിയതെന്നാണ് വിവരം.
പോലീസ് അനുവദിച്ച സമയപരിധി അവസാനിച്ചതിനു പിന്നാലെ പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍നിന്നും മറ്റും നൂറുകണക്കിന് കര്‍ഷകരാണ് സമരവേദിയിലേക്ക് എത്തിച്ചേര്‍ന്നത്. സ്ത്രീകളും പ്രായമായവരും എത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ കൂടുതല്‍ കര്‍ഷകര്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍നിന്നും എത്തിച്ചേരുമെന്നാണ് സൂചന. കൊടുംതണുപ്പിനെയും അതിജീവിച്ച് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് കര്‍ഷകര്‍.
സമരഭൂമി വിടണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച രാത്രി തന്നെ ജില്ലാ ഭരണകൂടം ഗാസിപ്പുരിലെ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കര്‍ഷകര്‍ ഇതിന് തയ്യാറായില്ല. ഈ സാഹചര്യത്തില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ പ്രദേശത്ത് പോലീസ് സന്നാഹം ശക്തിപ്പെടുത്തി. വൈകീട്ടോടെ സമരഭൂമിയില്‍ പ്രവേശിച്ച പോലീസ് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ ടെന്റിന് പുറത്ത് നോട്ടീസ് പതിക്കുകയും ചെയ്തു.
വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിക്കുള്ളില്‍ ഒഴിഞ്ഞില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നായിരുന്നു പോലീസിന്റെ മുന്നറിയിപ്പ്. എന്നാല്‍ പോലീസ് നടപടിയുണ്ടായാല്‍ അതിനെ നേരിടുമെന്നും വെടിവെച്ചാലും സമരവേദിയില്‍ നിന്ന് മാറില്ലെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. യു.പി. പോലീസിന് പുറമേ കേന്ദ്രസേനയേയും സമരഭൂമിക്ക് ചുറ്റും വിന്യസിച്ചിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗാസിപ്പുരിലേക്കുള്ള ഗതാഗതം തടഞ്ഞിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
content highlights: ghazipur border farmer protest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..