
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മുസ്‌ലിം വയോധികന്‍ ആക്രമണത്തിന് ഇരയായ സംഭവത്തില്‍ പോലീസ് വാദം തള്ളി കുടുംബാംഗങ്ങള്‍. ആക്രമണത്തിന് ഇരയായ അബ്ദുള്‍ സമദ്, മന്ത്രത്തകിടുകള്‍ വിറ്റിരുന്നെന്നും അത് വാങ്ങിയവരില്‍ ചിലരാണ് അദ്ദേഹത്തെ മര്‍ദിച്ചതെന്നുമായിരുന്നു ഗാസിയാബാദ് പോലീസ് പറഞ്ഞിരുന്നത്. കേസിന് വര്‍ഗീയ സ്വഭാവമില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പോലീസിനെതിരെ അബ്ദുള്‍ സമദിന്റെ മകന്‍ ബബ്‌ലു സൈഫി രംഗത്തെത്തിയിരിക്കുന്നത്.
പിതാവ് മന്ത്രത്തതകിടുകള്‍ വിറ്റിരുന്നു എന്ന പോലീസ് വാദം തെറ്റാണ്. ഞങ്ങളുടെ കുടുംബത്തില്‍ ആരും അത്തരമൊരു കാര്യംചെയ്യുന്നില്ല. ഞങ്ങള്‍ മരപ്പണിക്കാരാണ്. പോലീസ് ശരിയായ കാര്യമല്ല പറയുന്നത്. അവര്‍ അന്വേഷിച്ച ശേഷം തെളിയിക്കട്ടെ- അബ്ദുള്‍ ബബ്‌ലു എന്‍.ഡി.ടി.വിയോടു പ്രതികരിച്ചു.
"ജൂണ്‍ ആറിന് ഞങ്ങള്‍ ലോനി സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. 'ചാച്ചാ' നിങ്ങളുടെ താടി മുറിച്ചുമാറ്റപ്പെട്ടതില്‍ എന്താണ് ഇത്ര വലിയ കാര്യമെന്ന് ഒരു പോലീസുകാരന്‍ ചോദിച്ചു. അദ്ദേഹത്തിനൊപ്പം പോയ ഒരു സുഹൃത്തിന് ഇത് കേട്ട് ദേഷ്യം വരികയും പല മുസ്‌ലിങ്ങളും താടിയെ പാവനമായാണ് കാണുന്നതെന്ന് പറയുകയും ചെയ്തു."- ബബ്‌ലു കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ അഞ്ചിന് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ജയ് ശ്രീ റാം എന്നും വന്ദേ മാതരം എന്നും വിളിക്കാന്‍ നിര്‍ബന്ധിച്ചെന്നും താടി മുറിച്ചെന്നുമായിരുന്നു അബ്ദുള്‍ സമദിന്റെ പരാതി. വനപ്രദേശത്തേക്ക് കൊണ്ടുപോയി ഒരു മുറിയില്‍ അടച്ചിട്ടുവെന്നും സമദ് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേസിന് വര്‍ഗീയ സ്വഭാവമില്ലെന്ന നിലപാടാണ് ഗാസിയാബാദ് പോലീസ് സ്വീകരിച്ചത്. ഹിന്ദുക്കളും മുസ്‌ലിങ്ങളും ഉള്‍പ്പെട്ട ആറംഗസംഘമാണ് സമദിനെ ആക്രമിച്ചതെന്നും ഇവരെ അദ്ദേഹത്തിന് പരിചയമുണ്ടെന്നും പോലീസ് പറഞ്ഞിരുന്നു.
അതേസമയം, സമദ് ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചുള്ള പോസ്റ്റുകള്‍ വര്‍ഗീയ വികാരം ഇളക്കിവിട്ടുവെന്ന് ആരോപിച്ച് സാമൂഹിക മാധ്യമമായ ട്വിറ്ററിനും മാധ്യമപ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. മാധ്യമപ്രവര്‍ത്തകരായ റാണ അയ്യൂബ്, സബ നഖ്‌വി, കോണ്‍ഗ്രസ് നേതാക്കളായ സല്‍മാന്‍ നിസാമി, ഷമ മുഹമ്മദ്, മസ്‌കുര്‍ ഉസ്മാനി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് സംഭവത്തെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകള്‍ പങ്കുവെച്ചതായി എഫ്.ഐ.ആറില്‍ പരാമര്‍ശം ഉള്ളത്. പോസ്റ്റുകള്‍ക്കെതിരെ നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് ട്വിറ്ററിന് എതിരായ ആരോപണം.
സമദിനെ വിജനമായ പ്രദേശത്ത് എത്തിച്ച് മര്‍ദിക്കുകയും താടി മുറിക്കുകയുമായിരുന്നെന്ന് ബബ്‌ലുവും പറയുന്നു. പിതാവിന്റെ ജീവന്‍ രക്ഷിക്കാനായെങ്കിലും മണിക്കൂറുകളോളം അദ്ദേഹം പീഡനത്തിന് ഇരയായെന്നും ബബ്‌ലു പറയുന്നു. അബ്ദുള്‍ സമദിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നുപേരാണ് അറസ്റ്റിലായിട്ടുള്ളത്.
content highlights: ghaziabad attack case: victims family rejects police's claim


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..