ചെന്നൈയിൽ ഗവർണർക്കെതിരെ സ്ഥാപിച്ച പോസ്റ്ററുകൾ | Photo: ANI
ചെന്നൈ: തമിഴ്നാട്ടില്‍ ഡി.എം.കെ സര്‍ക്കാര്‍- ഗവര്‍ണര്‍ പോരിനിടെ ഗെറ്റ് ഔട്ട് രവി പോസ്റ്ററുകള്‍ സ്ഥാപിച്ച് ഡി.എം.കെ പ്രവര്‍ത്തകര്‍. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് ദിവസങ്ങളായി തമിഴ്നാട്ടില്‍ ഗവര്‍ണര്‍ ആര്.എന്‍ രവിയ്ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു.
അതിനിടെ തമിഴ്നാടിന് പകരം തമിഴകം എന്ന പേരുപയോഗിക്കണമെന്ന ഗവര്‍ണറുടെ പ്രസ്താവന വിവാദമായി. അതില്‍ പ്രതിഷേധിച്ചാണ് പുതിയ നീക്കം.
കഴിഞ്ഞ ദിവസം ഗെറ്റ് ഔട്ട് രവി എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ട്വിറ്ററിലും ഗവര്‍ണര്‍ക്കെതിരെ ഡി.എം.കെ പ്രവര്‍ത്തകര്‍ വലിയ തോതിലുള്ള പ്രതിഷേധമാണ് അഴിച്ചു വിട്ടത്. കാമ്പയിന് തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ഗെറ്റ് ഔട്ട് രവി എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ തരംഗമായി.
സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തില്‍ മാറ്റം വരുത്തിയതില്‍ ഭരണപക്ഷം പ്രതിഷേധിച്ചതോടെ തമിഴ്നാട് നിയമസഭാ സമ്മേളനത്തില്‍നിന്ന് ഗവര്‍ണര്‍ ആര്.എന്‍. രവി ഇറങ്ങിപ്പോയിരുന്നു. സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തില്‍നിന്ന് അംബേദ്കര്‍, ദ്രാവിഡ നേതാക്കള്‍, ദ്രാവിഡ ഭരണ മാതൃക, ക്രമസമാധാന നില എന്നീ ഭാഗങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കിയതോടെയാണ് പ്രതിഷേധമുയര്‍ന്നത്.
എഴുതിക്കൊടുത്ത പ്രസംഗമായിരുന്നില്ല ഗവര്‍ണര്‍ വായിച്ചത്. ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചപ്പോള്‍ ഡി.എം.കെ.യിലെയും സഖ്യകക്ഷികളിലെയും അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തി. ഡി.എം.കെ. സഖ്യകക്ഷികളായ കോണ്‍ഗ്രസ്, വി.സി.കെ, സി.പി.ഐ, സി.പി.എം. അംഗങ്ങള്‍ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു.
സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗഭാഗങ്ങള്‍ മാത്രമേ സഭാരേഖകളില്‍ ചേര്‍ക്കാവൂ എന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തവ ഒഴിവാക്കണമെന്നും സ്പീക്കര്‍ അപ്പാവുവിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് ഗവര്‍ണര്‍ സഭ വിട്ടിറങ്ങിയത്.
Content Highlights: get out ravi posters against governor r n ravi in tamilnadu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..