പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP
ബെര്‍ലിന്‍: ഇന്ത്യയടക്കം കോവിഡ് ഡെല്‍റ്റ വകഭേദം വ്യാപിച്ച രാജ്യങ്ങളിലെ യാത്രക്കാര്‍ക്കുള്ള വിലക്ക് ജര്‍മനി നീക്കി. ഇന്ത്യയെ കൂടാതെ പോര്‍ച്ചുഗല്‍, ബ്രിട്ടന്, വടക്കന്‍ അയര്‍ലന്‍ഡ്, റഷ്യ, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ യാത്രക്കാര്‍ക്കുള്ള വിലക്കും നീക്കിയിട്ടുണ്ട്. ബുധനാഴ്ച മുതല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള വിലക്ക് നീക്കുമെന്ന് ജര്‍മന്‍ ആരോഗ്യ അതോറിറ്റി അറിയിച്ചു.
യാത്രാ വിലക്ക് നീക്കുമെങ്കിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ക്വാറന്റീനടക്കം പാലിക്കേണ്ടി വരും. വൈറസ് വകഭേദമുള്ള രാജ്യങ്ങളുടെ ലിസ്റ്റില്‍ നിന്ന് മാറ്റിയ രാജ്യങ്ങളെ 'ഹൈ ഇന്‍സിഡന്‍സ്' എന്ന പട്ടികയിലേക്കാണ് മാറ്റിയിരിക്കുന്നത്. ഈ പട്ടികയിലെ രാജ്യങ്ങളില്‍ നിന്നെത്തുന്ന പൂര്‍ണ്ണമായും വാക്സിനേഷന് ചെയ്തവര്‍ക്കും കോവിഡ് മുക്തി നേടിയവര്‍ക്കും ക്വാറന്റീനില്‍ പ്രവേശിക്കേണ്ടതില്ല. ഇവര്‍ ജര്‍മനിയിലേക്ക് വിമാനം കയറുന്നതിന് മുമ്പായി വാക്സിനേഷന് അല്ലെങ്കില്‍ കോവിഡ് മുക്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ഈ രാജ്യങ്ങളില്‍ നിന്നെത്തുന്ന വാക്സിനേഷന് ചെയ്യാത്ത ആളുകള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവര്‍ ജര്‍മനിയില്‍ എത്തി കഴിഞ്ഞാല്‍ പത്ത് ദിവസം ക്വാറന്റീനില്‍ കഴിയുകയും വേണം. അഞ്ചു ദിവസത്തിന് ശേഷം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലും ക്വാറന്റീന് അവസാനിപ്പിക്കാം.
കോവിഡ് ബാധിത രാജ്യങ്ങളെ ജര്‍മനി മൂന്നായിട്ടാണ് തരംതിരിച്ചിരിക്കുന്നത്. വൈറസ് വകഭേദം, ഹൈ ഇന്‍സിഡന്‍സ്, ബേസിക് റിസ്ക് മേഖല എന്നിങ്ങനെയാണ്. ഏപ്രില്‍ അവസാനത്തോടെയാണ് ഇന്ത്യ ആദ്യ പട്ടികയില്‍ ഇടംപിടിച്ചത്. മെയ് മാസത്തില്‍ നേപ്പാളും യുകെയും ജൂണില്‍ റഷ്യയേയും പോര്‍ച്ചുഗലിനേയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..