ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള ചര്‍ച്ചയില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയം ഉയര്‍ത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയതിലൂടെ അസമില്‍ പുറത്തായ 19 ലക്ഷം ജനങ്ങള്‍ ഒരുപക്ഷെ രാജ്യത്തെ യഥാര്‍ഥ വോട്ടര്‍മാരായിരിക്കാമെന്ന് മമത പറഞ്ഞു. ഇത് ബംഗാളില്‍ ആവശ്യമില്ലെന്നും അമിത് ഷായോട് മമത വ്യക്തമാക്കി.
പൗരത്വ രജിസ്റ്ററിനെ തുടര്‍ന്ന് അസമില്‍ 19 ലക്ഷം ജനങ്ങള്‍ പുറത്തായ നടപടിയില്‍ രാജ്യത്താകമാനം വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. അസമിലെ ഒരു വിഭാഗം ബി.ജെ.പി നേതാക്കളും നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. പാര്‍ട്ടി വോട്ടര്‍മാരും അനുഭാവികളും ഉള്‍പ്പടെയുള്ളവര്‍ നടപടിയില്‍ പുറത്തായി എന്നായിരുന്നു ഇവരുടെ ആരോപണം. പൗരത്വ രജിസ്റ്ററിനെതിരെ കര്‍ശനമായ നിലപാട് ആദ്യം മുതല്‍ക്കേ സ്വീകരിച്ച മമത ബാനര്‍ജി ബംഗാളില്‍ ഇത് നടപ്പാക്കാനനുവദിക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു.
''ഞാന്‍ അദ്ദേഹത്തിന് ഒരു കത്ത് കൈമാറി. പൗരത്വ രജിസ്റ്ററിനെ തുടര്‍ന്ന് പുറത്തായവരില്‍ നിരവധി പേര്‍ ഹിന്ദി സംസാരിക്കുന്ന, ബംഗാളി സംസാരിക്കുന്ന അസമികള്‍ ആണെന്ന കാര്യം ഞാന്‍ ചൂണ്ടിക്കാണിച്ചു. നിരവധി യഥാര്‍ഥ വോട്ടര്‍മാര്‍ പുറത്തായിരിക്കാം. ഇക്കാര്യം പരിശോധിക്കപ്പെടണം. ഞാന്‍ ഒരു ഔദ്യോഗിക കത്ത് സമര്‍പ്പിച്ചു''- മമത ബാനര്‍ജി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുമായി ഈ വിഷയം ചര്‍ച്ച ചെയ്തില്ലെന്നും സര്‍ക്കാര്‍ തല യോഗമായതിനാല്‍ വികസന വിഷയങ്ങള്‍ മാത്രമേ ചര്‍ച്ചയായുള്ളുവെന്നും മമത പറഞ്ഞിരുന്നു. പൗരത്വ രജിസ്റ്റര്‍ രാജ്യത്തുടനീളം നടപ്പിലാക്കാനാണ് തങ്ങളുടെ ലക്ഷ്യമെന്ന നിലപാട് അമിത് ഷാ കഴിഞ്ഞ ദിവസവും വ്യക്തമാക്കി. 2019 ലോക്‌സഭ വിജയത്തിലൂടെ ഇതിനുള്ള അനുവാദം ജനങ്ങള്‍ തങ്ങള്‍ക്ക് നല്‍കിയതായും അമിത് ഷാ പറഞ്ഞിരുന്നു.
എന്നാല്‍ അമിത് ഷാ ബംഗാളില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും താന്‍ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയെന്നും മമത ബാനര്‍ജി പിന്നീട് പറഞ്ഞു.
content highlights: Genuine Voters Left Out says Mamata Banerjee To Amit Shah