ന്യൂഡല്‍ഹി: രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ അവര്‍ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ട്.

മോശമായ സാഹചര്യത്തിലും ഗുജറാത്തില്‍ പാര്‍ട്ടിക്ക് മികച്ച വിജയം നേടാനായി. അടുത്തിടെ നടന്ന രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പിലും വലിയ വിജയം നേടി. കാറ്റ് മാറി വീശുന്നതിന്റെ സൂചനയാണിത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തുടരുമെന്ന കാര്യം ഉറപ്പാണെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍.

രാഹുല്‍ ഗാന്ധി തന്റെ കൂടി ബോസാണ്, അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സോണിയ പറഞ്ഞു. നിങ്ങള്‍ എന്നോടൊപ്പം പ്രവര്‍ത്തിച്ചതുപോലെ വിശ്വാസത്തയോടെയും സമര്‍പ്പണത്തോടെയും ഉത്സാഹത്തോടെയും രാഹുലിനൊപ്പവും പ്രവര്‍ത്തിക്കുമെന്ന് എനിക്കറിയാമെന്നും സോണിയ പറഞ്ഞു. ബിജെപിക്കെതിരായ പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധി തന്നെയാകും പാര്‍ട്ടിയെ നയിക്കുക എന്ന് ഊന്നിപറയുന്നതായിരുന്നു യോഗത്തില്‍ സോണിയയുടെ വാക്കുകള്‍.

ബിജെപിയെ പാരജയപ്പെടുത്തി രാജ്യത്തെ ജനാധിപത്യവും മതനിരപേക്ഷതയും സാമ്പത്തിക അഭിവൃദ്ധിയും സഹിഷ്ണുതയും തിരിച്ചുപിടിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പ് നേരത്തെയാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ നേതാക്കളെല്ലാം അതിനായി ഒരുങ്ങിനില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.