മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കാത്തതിനാല്‍ ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന്റെ മുന്നോടിയായുളള ഭൂമിപൂജയുടെ തിളക്കം കുറയുമെന്ന് ശിവസേന മുഖപത്രം സാമ്‌ന. ഞായറാഴ്ചയാണ് അമിത് ഷായ്ക്ക് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. അമിത് ഷാ വേഗത്തില്‍ രോഗമുക്തി നേടുന്നതിന് വേണ്ടി പ്രാര്‍ഥിക്കുന്നതായും സാമ്‌നയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നു.
അമിത്ഷാ ഐസൊലേഷനിലാണെന്ന് കരുതി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത് സന്തോഷിക്കേണ്ടതില്ലെന്നും ശിവസേന ഗെഹ്‌ലോത്തിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എവിടെ ഇരുന്നായാലും രാഷ്ട്രീയകാര്യങ്ങള്‍ നടപ്പാക്കുന്ന വ്യക്തിയാണ് അമിത് ഷാ, മുഖപ്രസംഗത്തില്‍ പറയുന്നു.
ഭൂമിപൂജ ചടങ്ങുകള്‍ വീക്ഷിക്കുന്നത് രാജ്യത്തെ മുഴുവന്‍ ആവേശത്തിലാഴ്ത്തും. പ്രധാനമന്ത്രി ശിലാസ്ഥാപനം നിര്‍വഹിക്കുന്നതുപോലെയുളള മറ്റൊരു സുവര്‍ണനിമിഷം ഇല്ല. കോറൊണ വൈറസ് വ്യാപിക്കുകയാണ്. അത് അയോധ്യയിലും ഉത്തര്‍പ്രദേശിലും രാജ്യം മുഴുവനും വ്യാപിച്ചിട്ടുണ്ട്. രാമന്റെ അനുഗ്രഹത്താല്‍ ഈ പ്രതിസന്ധി മാഞ്ഞുപോകും. പ്രധാനമന്ത്രി, ആര്‍എസ്എസ് അധ്യക്ഷന്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുള്‍പ്പടെയുളള വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്, എന്നാല്‍ അമിത് ഷായില്ലാത്തതിനാല്‍ ചടങ്ങിന് തിളക്കം കുറവായിരിക്കും.
കഴിഞ്ഞ ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന പൊതുപരിപാടിയില്‍ അമിത് ഷാ പങ്കെടുത്തിരിന്നു. സാമൂഹിക അകല മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കഴിഞ്ഞ ബുധനാഴ്ച മന്ത്രിസഭായോഗത്തിലും പങ്കെടുത്തിരുന്നു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റീനില്‍ പ്രവേശിക്കണെന്നും കോവിഡ് 19 പരിശോധിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണെങ്കില്‍ കേന്ദ്ര മന്ത്രിസഭ മുഴുവനായും ഐസൊലേഷനില്‍ പോകേണ്ടതുണ്ട്. മന്ത്രിസഭയിലെ രണ്ടാമനായതിനാല്‍ പ്രധാനമന്ത്രിയുമായി അടുത്തിടപഴകേണ്ടി വരുന്ന ആളാണ് അമിത് ഷാ. എന്നാല്‍ രാമന്റെ അനുഗ്രഹമുളളതിനാല്‍ അമിത് ഷായ്ക്കും പ്രധാനമന്ത്രിയ്ക്കും ഒന്നും സംഭവിക്കില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. അമിത് ഷാ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നുളള രാഹുല്‍ ഗാന്ധിയുടെ ആശംസകളും പ്രധാനമാണ്. ലേഖനം പറയുന്നു.
Content Highlights:Gehlot has no reason to be happy that Amit Shah is in isolation says Samna
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..