ജയ്പുര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ വസുന്ധര രാജെയ്ക്ക് ഔദ്യോഗിക വസതിയില്‍തന്നെ തുടരാന്‍ അനുമതി നല്‍കിക്കൊണ്ട് അശോക് ഗെഹ്‌ലോത് സര്‍ക്കാര്‍ ഉത്തരവിറക്കി. 2008-ല്‍ പ്രതിപക്ഷ നേതാവായ കാലം മുതല്‍ രാജെ താമസിക്കുന്ന ജയ്പുര്‍ സിവില്‍ ലൈന്‍സിലെ 13-ാം നമ്പര്‍ വസതിയില്‍ അവര്‍ക്ക് തുടരാമെന്നാണ് ഉത്തരവില്‍ പറയുന്നത്.
2008 മുല്‍ 2013 വരെ രാജെ പ്രതിപക്ഷ നേതാവായിരുന്നു. 2013-ല്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയതോടെ 13-ാം നമ്പര്‍ വസതിയെ അവര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായി പ്രഖ്യാപിച്ചു. 2018-ല്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞശേഷം ഹൈക്കോടതി ഉത്തരവുണ്ടായിട്ടുപോലും അവര്‍ ഈ വസതി ഒഴിയാന്‍ തയ്യാറായില്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ അവരെ ഒഴിപ്പിക്കാനും ശ്രമിച്ചില്ല. എന്നാല്‍, നിലവില്‍ എം.എല്‍.എ. ആയ രാജെയ്ക്ക് ടെപ്പ് വണ്‍ വിഭാഗത്തിലുള്ള ഈ വസതിയില്‍ തുടരാമെന്നും വീണ്ടും എം.എല്‍.എ. ആയാല്‍ അവിടെതന്നെ തുടരാമെന്നുമാണ് ഗെഹ്‌ലോത് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളതെന്ന് ഐ.എ.എന്‍.എസ്. വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
എല്ലാ മുന്‍ മുഖ്യമന്ത്രിമാരും ഔദ്യോഗിക വസതികള്‍ ഒഴിയണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി 2019-ല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് നടപ്പാക്കാനോ രാജെയെ ഒഴിപ്പിക്കാനോ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായില്ല. എന്നാല്‍, മറ്റൊരു മുന്‍ മുഖ്യമന്ത്രിയായ ജഗന്നാഥ് പഹാഡിയയെ ഔദ്യോഗിക വസതിയില്‍നിന്ന് ഒഴിപ്പിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രി അശോക് ഗെഹ്‌ലോതും വസുന്ധര രാജെയും തമ്മിലുള്ള ഒത്തുകളിയാണ് പുതിയ നീക്കത്തിന് പിന്നിലെന്ന ആരോപണവുമായി രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയിട്ടുണ്ട്. ഗെഹ്‌ലോത് സര്‍ക്കാരിനെ നിലനിര്‍ത്തുന്നതിന് പാരിതോഷികമായാണ് രാജെയെ ഔദ്യോഗിക വസതിയില്‍നിന്ന് ഒഴിപ്പിക്കാതിരിക്കുന്നതെന്ന് നാഗ്പുര്‍ എം.പി. ഹനുമാന്‍ ബെനിവാള്‍ ആരോപിച്ചു. അതിനിടെ, അവര്‍ ഔദ്യോഗിക വസതി ഒഴിയാത്തത് ചൂണ്ടിക്കാട്ടി വിമല്‍ ചൗധരിയെന്ന അഭിഭാഷകന്‍ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ചെയ്തിട്ടുണ്ട്. ഹര്‍ജി സെപ്റ്റംബര്‍ പത്തിന് പരിഗണിക്കാനിരിക്കെയാണ് ഗെഹ്‌ലോത് സര്‍ക്കാരിന്റെ നീക്കം.
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് രാജെ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം നേരത്തെതന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ സമയമാകുമ്പോള്‍ അവര്‍ പ്രതികരിക്കുമെന്നാണ് സംസ്ഥാന ബി.ജെ.പി. നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അടുത്തിടെ രാജ്യതലസ്ഥാനത്തെ സര്‍ക്കാര്‍ വസതി ഒഴിഞ്ഞിരുന്നു. നിലവില്‍ എസ്പിജി സംരക്ഷണം ഇല്ലാത്തതിനാല്‍ ഔദ്യോഗിക വസതിയില്‍ കഴിയാന്‍ അവര്‍ അര്‍ഹയല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നായിരുന്നു അത്.
Content Highlights: Gehlot govt's new notification allows Raje to stay in Jaipur bungalow