ശ്രീനഗര്‍: കശ്മീരിലെ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനിയുടെ മൃതദേഹത്തില്‍ പാക് പതാക പുതപ്പിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ യുഎപിഎ ചുമത്തി പോലീസ് കേസെടുത്തു.

ബുധനാഴ്ച വൈകീട്ടാണ് ഗിലാനി മരിച്ചത്. മൃതദേഹം സംസ്‌കരിക്കാന്‍ പോലീസ് എത്തുന്നതിന് മുമ്പ് പാക് പതാക പുതപ്പിച്ച നിലയിലുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. നിരവധി സ്ത്രീകള്‍ അടക്കമുള്ളവര്‍ മൃതദേഹത്തിന് ചുറ്റും നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.

ഗിലാനിയുടെ മരണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഇന്റര്‍നെറ്റ്, ഫോണ്‍ സേവനങ്ങള്‍ ശനിയാഴ്ച രാത്രി പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് വീഡിയോ പ്രചരിച്ചത്. ഇതോടെ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ വീണ്ടും നിര്‍ത്തിവെക്കുകയും ജനങ്ങള്‍ കൂട്ടംചേരുന്നത് തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ, പോലീസ് മൃതദേഹം ബലംപ്രയോഗിച്ച് കൊണ്ടുപോയെന്നും അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ അനുവദിച്ചില്ലെന്നും ആരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു. ഗിലാനിയുടെ വീട്ടില്‍ ഉണ്ടായിരുന്നവര്‍ പോലീസ് സൂപ്രണ്ടിനോടും പോലീസ് ഉദ്യോഗസ്ഥരോടും മോശമായി പെരുമാറി. രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കുകയും സംഘര്‍ഷമുണ്ടാക്കാന്‍ പ്രേരണ നല്‍കുംവിധം സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു. ഗിലാനിയുമായും കുടുംബവുമായി പോലീസ് നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നെങ്കിലും ഇത്തരം പെരുമാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഡിജിപി പറഞ്ഞു.

എന്നാല്‍, വീടില്‍ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറിയ പോലീസ് സംഘം സ്ത്രീകള്‍ അടക്കമുള്ളവരോട് അപമര്യാദയായി പെരുമാറിയെന്നാണ് കുടുംബം ആരോപിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു. ശവസംസ്‌കാരം രാവിലെ നടത്താം എന്നാണ് നിശ്ചയിച്ചിരുന്നതെങ്കിലും പോലീസ് ബലം പ്രയോഗിച്ച് മൃതദേഹം കൊണ്ടുപോയെന്ന് ഗിലാനിയുടെ മകന്‍ നസീം ഗിലാനി ആരോപിച്ചു. ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും നസീം പറഞ്ഞു. എന്നാല്‍ അടുത്ത ബന്ധുക്കള്‍ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

Content Highlights: Geelani's body in Pak flag; Police case filed