പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും| Photo: PTI
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആഗോളനിക്ഷേപകസംഗമം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്തപ്പോള്‍ ഒരാളുടെ അഭാവം ശ്രദ്ധപിടിച്ചുപറ്റി. വിവാദക്കുരുക്കിലായ വ്യവസായി ഗൗതം അദാനിയുടെ.
നിക്ഷേപകസംഗമങ്ങളിലെ പതിവുമുഖമാണ് അദാനി. ഓരോസംഗമത്തിലും സഹസ്രകോടികളുടെ വാഗ്ദാനങ്ങളുണ്ടാകുമെന്നതിനാല്‍ എല്ലാവരും അദാനിയെ തുടക്കത്തിലേ ക്ഷണിക്കും. കഴിഞ്ഞതവണ യു.പി.യിലെതന്നെ സംഗമത്തില്‍ അദാനി പ്രഖ്യാപിച്ചത് 70,000 കോടി രൂപയുടെ പദ്ധതികളാണ്. ഇക്കുറി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വിവാദക്കുരുക്കിലായ സാഹചര്യത്തില്‍ അദ്ദേഹം സംഗമത്തിനുണ്ടാകുമോയെന്ന് എല്ലാവരും ഉറ്റുനോക്കിയിരുന്നു. എന്നാല്‍ ഉദ്ഘാടനസമ്മേളനത്തില്‍ അദാനി എത്തിയില്ല. അഡ്വ. പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവര്‍ പരിഹാസവുമായി രംഗത്തെത്തി. 'അയ്യോ, യു.പി.യിലെ മെഗാനിക്ഷേപകസംഗമത്തില്‍ അദാനിജി അദ്ദേഹത്തിന്റെ ഉറ്റചങ്ങാതിയെ കൈയൊഴിഞ്ഞിരിക്കുന്നു'-ഭൂഷന്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഒക്ടോബറില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ നടന്ന നിക്ഷേപ ഉച്ചകോടിയില്‍ അടുത്ത ഏഴുകൊല്ലംകൊണ്ട് 65,000 കോടി രൂപയുടെ നിക്ഷേപപദ്ധതികളാണ് അദാനി പ്രഖ്യാപിച്ചത്. മധ്യപ്രദേശിലെ സംഗമത്തില്‍ 60,000 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു.
ഉത്തര്‍പ്രദേശിലാരംഭിച്ച മൂന്നുദിവസത്തെ നിക്ഷേപകസംഗമത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി, ആദിത്യബിര്‍ളഗ്രൂപ്പിന്റെ മേധാവി കുമാരമംഗലം ബിര്‍ള തുടങ്ങിയ പ്രമുഖര്‍ അണിനിരന്നു. അടുത്ത നാലുവര്‍ഷത്തിനകം യു.പി.യില്‍ 75,000 കോടി രൂപയുടെ നിക്ഷേപമാണ് അംബാനിവാഗ്ദാനം. ബിര്‍ള 25,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. നിര്‍മാണത്തിലിരിക്കുന്ന ജേവര്‍ വിമാനത്താവളത്തില്‍ എയര്‍കാര്‍ഗോ കോംപ്‌ളക്‌സാണ് ടാറ്റാഗ്രൂപ്പിന്റെ വാഗ്ദാനം. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി 5000 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു.
Content Highlights: Gautam Adani Absent at UP Global Investors’ Summit
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..