ന്യൂഡല്‍ഹി: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധമുയര്‍ത്തി രംഗത്തെത്തുന്ന പുരോഗമനവാദികള്‍ കേരളത്തിലും കര്‍ണാടകയിലും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ എന്തുകൊണ്ട് മൗനം പാലിച്ചുവെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദ്. പുരോഗമനവാദികളെന്ന് വാദിക്കുന്ന ഇത്തരക്കാര്‍ക്ക് കാപട്യം മാത്രമാണ് ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ബിജെപി അപലപിച്ചിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ ബിജെപി മുഖം തിരിച്ചു നില്‍ക്കുന്നുവെന്നാണ് പല ഭാഗത്ത് നിന്നും ഉയരുന്ന ആരോപണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

നക്‌സല്‍ പ്രവര്‍ത്തകരെ പുനരധിവസിപ്പിക്കാനുള്ള ഗൗരി ലങ്കേഷിന്റെ പ്രവര്‍ത്തനങ്ങള്‍ കര്‍ണാടക സര്‍ക്കാരിന്റെ അറിവോടെയായിരുന്നോ എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു. നക്‌സലുകളെ മുഖ്യധാരയിലേക്കെത്തിക്കാനുള്ള ഗൗരിയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ അറിവോടെയായിരുന്നെങ്കില്‍ എന്തുകൊണ്ട് അവര്‍ ഗൗരി ലങ്കേഷിന് ആവശ്യമായ സുരക്ഷയൊരുക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം ചോദിച്ചു. 

അന്വേഷണം പൂര്‍ത്തിയാവുന്നതിന് മുന്‍പ് ഗൗരിലങ്കേഷിന്റ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധിക്കെതിരേയും രൂക്ഷവിമര്‍ശനമാണ് രവിശങ്കര്‍ പ്രസാദ് ഉന്നയിച്ചത്.

'ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നാലെ തികച്ചും വിശ്വാസയോഗ്യമല്ലാത്തതും മുന്‍ധാരണയോടുകൂടിയുള്ളതുമായ പരാമര്‍ശങ്ങളാണ് രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കേസില്‍ അന്വേഷണം ആരംഭിക്കുന്നതിനു മുന്‍പാണ് കൃത്യമായ പഠനങ്ങളോ അടിസ്ഥാനമോ ഇല്ലാതെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് രാഹുല്‍ ഗാന്ധി പരസ്യമായി പ്രസ്താവിച്ചത്. രാഹുലിനെ പോലെ വലിയൊരു നേതാവിന്റെ പ്രസ്താവനയുടെ വെളിച്ചത്തില്‍ കര്‍ണാകടയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സത്യസന്ധമായ അന്വേഷണം നമുക്ക് പ്രതീക്ഷിക്കാമോ' എന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു. 

അന്വേഷണത്തില്‍ രാഷ്ട്രീയം കലര്‍ത്താതെ കര്‍ണാടകയിലെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതക കേസുകളും സത്യസന്ധമായി അന്വേഷിക്കാന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.