ന്യൂഡല്‍ഹി: ഇന്ത്യയില്‍ താമസിക്കുന്നവരും ഇന്ത്യക്കാരായി തിരിച്ചറിയപ്പെടുന്നവരുമായ എല്ലാവരും ഹിന്ദുക്കളാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. പുരോഗമനം ആഗ്രഹിക്കുന്ന ഏതൊരു രാജ്യവും ജാതിയുടെ അതിര്‍വരമ്പുകള്‍ മറികടന്ന് മുന്നേറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആര്‍എസ്എസ് കോണ്‍ക്ലേവില്‍ സംസാരിക്കവേയാണ് ഹിന്ദുത്വം സംബന്ധിച്ച ആശയം മോഹന്‍ ഭാഗവത് പങ്കുവച്ചത്. 'നാനാത്വത്തില്‍ ഏകത്വം എന്നതാണ് ഭാരതത്തിന്റെ പ്രത്യശാസ്ത്രം. ഏതൊരു ഹിന്ദുവും വിശ്വസിക്കുന്നത് ഏകത്വത്തിലാണ്. സ്വത്വപരമായി എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണ്.' മോഹന്‍ ഭാഗവത് പറഞ്ഞു. ഒരു ഹിന്ദുരാഷ്ട്രമെന്നാല്‍ അര്‍ഥമാക്കേണ്ടത് മുസ്ലീങ്ങളില്ലാത്ത ഇടമെന്നല്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ആര്‍എസ്എസ് ജാതീയതയില്‍ വിശ്വസിക്കുന്നില്ല. ജാതിവേര്‍തിരിവുകള്‍ക്കതീതമായി നാം ഉയര്‍ന്നുവരണം. ആര്‍എസ്എസില്‍ എല്ലാ ജാതിയുടെയും പ്രാതിനിധ്യമുണ്ട്. അതെല്ലായിടത്തും ദൃശ്യവുമാണ്. വ്യത്യസ്ത ജാതിയില്‍ പെട്ടവര്‍ തമ്മില്‍ വിവാഹം ചെയ്യുന്നതിനെ ആര്‍എസ്എസ് എതിര്‍ക്കുന്നില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. 

രാജ്യത്ത് ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ടകൊലപാതകങ്ങളെക്കുറിച്ച് സംസാരിക്കവേ മോഹന്‍ ഭാഗവത് പറഞ്ഞത് അത്തരം സംഭവങ്ങള്‍ അനുവദിക്കരുതെന്നാണ്. കുറ്റക്കാര്‍ക്കെതിരേ അതിശക്തമായ നടപടി സ്വീകരിക്കണം. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കരുത്. ഗോസംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങളെ അംഗീകരിക്കാനാവില്ല. ഗോരക്ഷകര്‍ തങ്ങളുടെ പശുക്കളെ വീടുകളില്‍ പരിപാലിക്കണം. അവയെ തുറന്നസ്ഥലത്തേക്ക് അലയാന്‍ അനുവദിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

content highlights: Gau Rakshaks Should Keep Their Cows at Home Says Mohan Bhagwat, RSS Conclave, Mob Lynching