മഥുര: എക്‌സ്പ്രസ് വേയില്‍ ഗ്യാസ് ടാങ്കര്‍ മറ്റൊരു ടാങ്കറിലിടിച്ചുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതരപരിക്കേറ്റു. സമീപത്തുണ്ടായിരുന്ന അഞ്ച് വാഹനങ്ങള്‍ക്ക് തീപിടിച്ചു. ഉത്തര്‍പ്രദേശിലെ യമുന എക്‌സ്പ്രസ് വേയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സുരിറിലാണ് അപകടം നടന്നത്. 

ടാങ്കറില്‍ പാചകവാതകം ഉണ്ടായിരുന്നത് അപകടത്തിന്റെ ആക്കം കൂട്ടി. അഗ്നിശമനസേനയും പോലീസും സംഭവസ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 

ശനിയാഴ്ച യമുന എക്‌സ്പ്രസ് വേയിലുണ്ടായ മറ്റൊരപകടത്തില്‍ നാലു പേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ചാണ് അലിഗഡ് ജില്ലയ്ക്ക് സമീപം അപകടം ഉണ്ടായത്. ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.