ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടത്ത് രാസനിര്‍മാണ ഫാക്ടറിയില്‍ ഉണ്ടായ വിഷവാതക ചോര്‍ച്ചയെ തുടര്‍ന്ന് ഒരു കുട്ടിയുള്‍പ്പെടെ 6 പേര്‍ മരിച്ചു. ആർ.ആർ വെങ്കിടാപുരത്തെ എല്‍ജി പോളിമെര്‍ ഫാക്ടറിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് വാതകചോര്‍ച്ച ഉണ്ടായത്. ലോക്ക്ഡൗണിനെത്തുടർന്ന് അടച്ചിട്ടിരുന്ന ഫാക്ടറി കഴിഞ്ഞ ദിവസമാണ് തുറന്നത്. 

ഫാക്ടറിയുടെ അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ വിഷവാതകം ചോര്‍ന്നതായി സൂചനയുണ്ട്. ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമീപത്തെ 20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയാണ്. ഒട്ടേറെ പേര്‍ ബോധരഹിതരായി. രാവിലെ ആറു മണിയോടെ ചോർച്ച തടയാനായെന്നാണ് റിപ്പോർട്ട്.

ഉറക്കത്തിനിടയിലാണ് പലരും മരിച്ചത്. വിഷവാതകം ശ്വസിച്ചാണ് മിക്ക ആളുകളും ഉറക്കമുണര്‍ന്നത്. തുടര്‍ന്ന് അന്തരീക്ഷത്തിലെ പുകയും ശ്വസനതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പലരും വീടുകളില്‍നിന്ന് ഇറങ്ങി ഓടി. ഓടുന്നതിനിടയില്‍ പലരും കുഴഞ്ഞ് വീഴുന്നതും കാണാമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

വാതകചോര്‍ച്ച നിലവില്‍ നിര്‍വീര്യമാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന സംഭവസ്ഥലത്തെത്തി. ഒന്നര കിലോമീറ്റര്‍ വരെയാണ് വാതകചോര്‍ച്ചയുടെ ആഘാതമുണ്ടായത്. രണ്ടര കിലോ മീറ്റര്‍ വരെ ഗന്ധമുണ്ടായി. 120 പേരെ ആശുപത്രിയിലാക്കിയതായും സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.

അന്വേഷണം നടത്താനും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ജില്ലാ ഭരണാധികാരികളോട് ആവശ്യപ്പെട്ടു.  കിങ് ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെ അദ്ദേഹം അല്‍പസമയത്തിനകം സന്ദര്‍ശിക്കും.

ഒട്ടേറെ പേര്‍ ബോധം നഷ്ടപ്പെട്ട് വീടുകളിലും തെരുവുകളിലും കിടന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആംബുലന്‍സുകളും  ഫയര്‍ എന്‍ജിനുകളും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. 

സമീപത്തുള്ള വീടുകളില്‍  ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വീടുകളില്‍നിന്ന് പുറത്തിറങ്ങിയവര്‍ക്ക് ശ്വാസതടസവും ഛര്‍ദ്ദിയും കണ്ണെരിച്ചിലും അനുഭവപ്പെട്ടു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇവിടെനിന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ ആളുകള്‍ ബോധരഹിതരായവരെ എടുത്ത് ആംബുലന്‍സില്‍ കയറ്റുന്നതും നിരവധി പേര്‍ റോഡരികില്‍ തളര്‍ന്നിരിക്കുന്നതും കാണാം. ഒരു സ്‌കൂട്ടറിനരികില്‍ നില്‍ക്കുകയായിരുന്ന സ്ത്രീ പെട്ടെന്ന് ബോധരഹിതയായി വീഴുന്ന മൊബൈല്‍ ഫോണ്‍ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.

 

 

1961-ല്‍ ഹിന്ദുസ്ഥാന്‍ പോളിമര്‍ എന്ന പേരില്‍ സ്ഥാപിതമായ ഈ കമ്പനി ദക്ഷിണ കൊറിയയുടെ എല്‍ജി കെം ഏറ്റെടുക്കുകയും 1997 ല്‍ എല്‍ജി പോളിമര്‍ ഇന്ത്യ എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. പോളിസ്‌റ്റൈറൈന്‍, എക്‌സ്പാന്‍ഡബിള്‍ പോളിസ്‌റ്റൈറൈന്‍ എന്നിവയാണ് ഇവിടെ നിര്‍മിക്കുന്നത്.

Content Highlights: Gas Leak At Chemical Plant In Andhra Pradesh's Visakhapatnam