Photo : Twitter / @DefenceInsight_
ന്യൂഡല്‍ഹി: ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) യുടെ ഗരുഡ് സ്പെഷ്യല്‍ ഫോഴ്സ് ആദ്യമായി പങ്കെടുക്കും. പരേഡില്‍ സ്ക്വാഡ്രോണ്‍ ലീഡര്‍ പി.എസ്. ജയ്താവത് ഗരുഡ് ടീമിനെ നയിക്കും. സ്ക്വാഡ്രോണ്‍ ലീഡര്‍ സിന്ധു റെഡ്ഡി കോണ്ടിജെന്റ് കമാന്‍ഡറായി ചുമതല നിര്‍വഹിക്കും.
പ്രത്യേക സൈനിക വിഭാഗങ്ങളുടേയും തദ്ദേശ നിര്‍മിത മിസൈലുകള്‍ ഉള്‍പ്പെടെയുള്ള സൈനികോപകരണങ്ങളുടേയും പ്രദര്‍ശനം റിപ്പബ്ലിക് ദിനപരേഡില്‍ ഒരുക്കുന്നുണ്ട്. നാവികസേനയുടെ ചാരവിമാനം ഐഎല്‍ 38 ഇക്കൊല്ലം ആദ്യമായി കര്‍ത്തവ്യപഥിന് മുകളിലൂടെ പറക്കും. ഒരുപക്ഷേ, ഡീകമ്മിഷന്‍ ചെയ്യപ്പെട്ട ഈ സൈനികവിമാനത്തിന്റെ അവസാന പരേഡ് പറക്കല്‍ കൂടിയാകും ഇത്.
വ്യോമസേനയുടെ 45 വിമാനങ്ങളും നാവികസേനയുടെ ഒരു വിമാനവും കരസേനയുടെ നാല് ഹെലികോപ്ടറുകളും വ്യോമാഭ്യാസപ്രകടനത്തില്‍ പങ്കെടുക്കുമെന്ന് വിങ് കമാന്‍ഡര്‍ ഇന്ദ്രനീല്‍ നന്ദി പറഞ്ഞു. മിഗ്-29, റാഫേല്‍, ജാഗ്വാര്‍, എസ് യു-30 തുടങ്ങിയ വിമാനങ്ങള്‍ ചേര്‍ന്നൊരുക്കുന്ന നിരവധി ഫോര്‍മേഷനുകള്‍ ഇക്കുറി വ്യോമാഭ്യാസപ്രകടനത്തിലുണ്ടാവും.
സ്ക്വാഡ്രോണ്‍ ലീഡര്‍ സിന്ധു റെഡ്ഡി നയിക്കുന്ന വിഭാഗത്തില്‍ ഫ്ളൈറ്റ് ലെഫ്റ്റനന്റുമാരായ ആയുഷ് അഗര്‍വാള്‍, തനൂജ് മാലിക്, പ്രധാന് നിഖില്‍ എന്നീ വിദഗ്ധ വ്യോമാഭ്യാസികളുണ്ടാകും. ഏറ്റവും മികച്ച മാര്‍ച്ചിങ് വിഭാഗത്തിനുള്ള ട്രോഫി 2011, 2012, 2013, 2020, 2022 (പോപ്പുലര്‍ ചോയ്സ്) വർഷങ്ങളില്‍ വ്യോമസേന നേടിയിട്ടുണ്ട്.
72 സംഗീതജ്ഞരും മൂന്ന് ഡ്രം മേജര്‍മാരും ഉള്‍പ്പെടുന്ന എയര്‍ഫോഴ്സ് ബാന്‍ഡ് കോണ്ടിജെന്റാണ് മാര്‍ച്ചിങ് ട്യൂണുകള്‍ വായിക്കുന്നത്. വാറന്റ് അശോക് കുമാറാണ് ബാന്‍ഡിനെ നയിക്കുന്നത്. കഴിഞ്ഞ 28 കൊല്ലമായി റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന അശോക് കുമാര്‍ 16 കൊല്ലമായി കോണ്ടിജെന്റിനെ നയിക്കുന്നു.
രാഷ്ട്രപതി ദേശീയ പതാക ഉയര്‍ത്തുന്നതോടെയാണ് കര്‍ത്തവ്യപഥില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ആരംഭിക്കുന്നത്. ഇത്തവണ ഫ്ളൈറ്റ് ലെഫ്റ്റനന്റ് കോമള്‍ റാണിയാണ് പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സഹായിക്കുന്നത്.
Content Highlights: Garuda Special Forces Of Air Force, Garud Commando Force, Republic Day Parade
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..