ഗംഗാ വിലാസ് ക്രൂയിസ് | Photo : ANI
പട്ന (ബിഹാര്‍): ഇന്ത്യയുടെ അഭിമാന ടൂറിസം പദ്ധതി ഗംഗാവിലാസ് ക്രൂസിന്റെ യാത്ര മുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അധികൃതര്‍. 51 ദിവസം നീളുന്ന നദീജലയാത്ര ആരംഭിച്ച് മൂന്നാമത്തെ ദിവസം കപ്പലിന്റെ യാത്ര തടസപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഗംഗാനദിയിലെ ജലനിരപ്പ് കുറഞ്ഞതിനാല്‍ കപ്പല്‍ ആഴമേറിയ ഭാഗത്ത് നങ്കൂരമിട്ടശേഷം യാത്രികരെ ബോട്ടുകളില്‍ ചിരാന്ദ് സന്ദര്‍ശിക്കാന്‍ കൊണ്ടുപോയിരിക്കുകയാണെന്ന് അധികൃതര്‍ വിശദീകരിച്ചു. ബിഹാറിലെ ഛപ്രയിലാണ് കപ്പല്‍ ഇപ്പോഴുള്ളത്. ജനുവരി 13 -ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
ചരിത്രമുറങ്ങുന്ന ചിരാന്ദ് സന്ദര്‍ശിക്കാന്‍ വിനോദ സഞ്ചാരികളെ തീരത്ത് എത്തിക്കാനിരിക്കെയാണ് കപ്പല്‍ കുടുങ്ങിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ഛപ്രയില്‍ നിന്ന് 11 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന സാരണിലാണ് ചിരാന്ദ്. എന്നാല്‍ നദിയിലെ ആഴക്കുറവ് മൂലം കപ്പലിന് നീങ്ങാനാവാത്ത അവസ്ഥയിലാണുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. വിവരമറിഞ്ഞ് സംസ്ഥാന ദുരന്ത പ്രതികരണസേന രംഗത്തെത്തുകയും കപ്പലില്‍നിന്ന് യാത്രികരെ ചെറുബോട്ടുകളില്‍ ചിരാന്ദിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
വിനോദസഞ്ചാരികള്‍ക്ക് ചിരാന്ദില്‍ എല്ലാവിധ സൗകര്യങ്ങളും തയ്യാറാണെന്ന് ഛപ്ര സിഒ സതേന്ദ്ര സിങ് അറിയിച്ചു. കരയ്ക്ക് സമീപത്തേക്ക് ക്രൂസ് അടുപ്പിക്കുന്നതിന് നിലവില്‍ ചില പ്രതികൂല സാഹചര്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കപ്പല്‍ കുടുങ്ങിയെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ക്രൂസ് ഓപ്പറേറ്റര്‍ എക്സോട്ടിക് ഹെറിറ്റേജ് ഗ്രൂപ്പിന്റെ ചെയര്മാന് രാജ് സിങും എന്‍ഡിടിവിയോട് പ്രതികരിച്ചു. മുന്‍നിശ്ചയപ്രകാരം കപ്പല്‍ പട്നയില്‍ എത്തിച്ചേര്‍ന്നതായും രാജ് സിങ് കൂട്ടിച്ചേര്‍ത്തു. വലിയ യാനങ്ങള്‍ കരയിലേക്കടുപ്പിക്കുന്നത് പ്രയാസകരമാണെന്നും സ്വാഭാവിക നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീജലയാത്രയാണ് ഗംഗാവിലാസ് ക്രൂസ് വഴി ഇന്ത്യ ലോകത്തിലെ വിനോദ സഞ്ചാരികള്‍ക്ക് സൗകര്യപ്പെടുത്തുന്നത്. ജനുവരി 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈന്‍ വഴിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. വാരണസിയില്‍ നിന്നാരംഭിച്ച് ബംഗ്ലാദേശ് വഴി അസമിലെ ദിബ്രുഗഢിലേക്കാണ് യാത്ര. ഇന്ത്യയിലേയും ബംഗ്ലാദേശിലേയും 27 നദീതടങ്ങളിലൂടെയും വിവിധ നഗരങ്ങളിലൂടെയും യാത്ര കടന്നുപോകും. ദോരിഗഞ്ജ് പ്രദേശത്ത് നദിയില്‍ ഇപ്പോഴുള്ള ജലനിരപ്പ് കപ്പലിന്റെ സുഗമയാത്രയ്ക്ക് അപര്യാപ്തമാണെന്ന് ഔഗ്യോഗികവക്താവ് അറിയിച്ചു.
Content Highlights: Ganga Vilas Cruise, gets stuck, Reports, the operator of the ship denies, Bihar, Patna
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..