പ്രതീകാത്മക ചിത്രം | Photo: PTI
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള അവസാന ചടങ്ങായ 'ബീറ്റിങ് റിട്രീറ്റി'ല്‍ നിന്ന് മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഗാനം ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. ബീറ്റിങ് റിട്രീറ്റ് ചടങ്ങ് അവസാനിക്കുന്നുവെന്ന് സൂചന നല്‍കുന്ന 'abide with me' എന്നു തുടങ്ങുന്ന ഗാനമാണ് ഒഴിവാക്കുക.
യുദ്ധത്തിന് അന്ത്യം കുറിച്ച് സൈനികര്‍ ആയുധങ്ങളുമേന്തി യുദ്ധക്കളത്തില്‍ നിന്ന് പിന്‍വാങ്ങി പോരാട്ടത്തിന് വിരാമമിടുന്ന ഗാനമാണ് ഒഴിവാക്കുക. ഇതോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സൈനിക പാരമ്പര്യവും ഇല്ലാതാകും. ട്യൂണുകള്‍ ഇല്ലാതെ ചടങ്ങില്‍ ഉപയോഗിച്ചിരുന്ന ഒരേയൊരു ഗാനവും ഇതായിരുന്നു.
ഡല്‍ഹിയിലെ വിജയ് ചൗക്കില്‍ ജനുവരി 29-നാണ് ബീറ്റിങ് റിട്രീറ്റ് ചടങ്ങ് നടത്തുന്നത്. ഇതോടെ റിപ്പബ്ലിദ് ദിനാഘോഷങ്ങള്‍ ഔദ്യോഗികമായി അവസാനിക്കും. കൊളോണിയല്‍ ഭരണകാലത്താണ് ബീറ്റിങ് റിട്രീറ്റ് ചടങ്ങിന്റെ ഉദ്ഭവം. എന്നാല്‍ ചടങ്ങില്‍ ഉപയോഗിച്ചിരുന്ന എല്ലാ പാശ്ചാത്യ ഗാനങ്ങള്‍ക്കും പകരം ഇന്ത്യന്‍ ട്യൂണുകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
ഈ വര്‍ഷം ആറു ബാന്റുകളില്‍ നിന്നായി 44 ബ്യൂഗിളുകള്‍, 75 ഡ്രമ്മുകള്‍, 16 ട്രെംപറ്റുകള്‍ എന്നിവയുടെ സഹായത്തോടെ 25 ട്യൂണുകള്‍ ചടങ്ങില്‍ വായിക്കും. സാരേ ജഹാന്‍ സെ അച്ഛാ എന്ന ഗാനത്തിന്റെ ട്യൂണോടെയാണ് ചടങ്ങിന് സമാപനം കുറിക്കുക.
ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതി തൊട്ടടുത്തെ ദേശീയ യുദ്ധ സ്മാരകത്തിലെ ജ്യോതിയിലേക്ക് ലയിപ്പിച്ചത് രാഷ്ട്രീയ വിവാദമായതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. ചരിത്രത്തെ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. വീരജവാന്‍മാര്‍ക്ക് വേണ്ടിയുള്ള അനശ്വര ജാല അണച്ചതു ദു:ഖകരമായ കാര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. കേന്ദ്ര നീക്കത്തെ എതിര്‍ത്തും പിന്തുണച്ചും മുന്‍ സൈനിക ഉദ്യോഗസ്ഥരും രംഗത്തെത്തിയിരുന്നു.
Content Highlights: Gandhi's Favourite Hymn Dropped From Republic Day Beating Retreat Ceremony
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..