തന്റെ ജീവിതത്തിലെ അവസാന പത്തുവര്ഷങ്ങളില് ഗാന്ധിജി എങ്ങോട്ടൊക്കെ യാത്ര ചെയ്തു, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കയായിരുന്നു എന്ന് വായിച്ചറിയാന്‍ നമ്മള്‍ക്ക് കഴിഞ്ഞിട്ടുണ്ടാകാം. പക്ഷെ അതിന്റെയൊക്കെ ദൃശ്യങ്ങള്‍ കാണാന്‍ കഴിഞ്ഞവര്‍ വളരെ ചുരുക്കമായിരിക്കും. അദ്ദേഹത്തിന്റെ അവസാന വര്‍ഷങ്ങളിലെ ചിത്രങ്ങള്‍ കോര്‍ത്തിണിക്കി പ്രസിദ്ധികരിച്ചിരിക്കുകയാണ് ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോര്പ്പറേഷന്(ബി.ബി.സി). ബി.ബി.സിയുടെ ഡല്‍ഹി ലേഖകന്‍ സൗതിക് ബിശ്വാസാണ് ഈ ചിത്രങ്ങള്‍ ശേഖരിച്ച് ബി.ബി.സിക്ക് വേണ്ടി ലേഖനമെഴുതിയിരിക്കുന്നത്.
1938ല്‍ സേവാനഗരത്തില് നിന്നും ടെലിഫോണ്‍ ചെയ്യുന്ന ഗാന്ധിജിയെയും മുംബൈയിലെ ബിര്‍ല ഹൗസില്‍ തന്റെ ശരീരഭാരം അറിയാന്‍ ഭാരമളക്കുന്ന യന്ത്രത്തിലേറിയ മഹാത്മജിയെയും ഒക്കെ ഇവിടെ കാണാം. അഹിംസയുടെ പാതയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി കഠിനായ സത്യാഗ്രഹ സമരങ്ങളിലൂടെ നീങ്ങിയിരുന്ന മഹാത്മജിയുടെ ഈ ചിത്രത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. 1940ല്‍ തന്റെ ഓഫീസുകൂടിയായിരുന്ന സേവാനഗരം ആശ്രമത്തില്‍നിന്നു പുറത്തു വരുന്ന ചിത്രവും അമൂല്യം.
ക്ഷീണിതനെങ്കിലും നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തില്‍ മാത്രം നടന്നു നീങ്ങുന്ന ഗാന്ധി; കഠിനമായ ചൂടിനെ അകറ്റുന്നതിനായി തലയില്‍ ഒരു തലയിണ ഉറയുടെ കരുത്തില്‍ മാത്രമാണ് അദ്ദേഹത്തിന്റെ യാത്രയെന്നും ചിത്രത്തില്‍ വ്യക്തം. ഗാന്ധിജിയോടൊപ്പമുള്ള യാത്രകളില്‍ കൂടെയുണ്ടായിരുന്ന കനു ഗാന്ധി പകര്‍ത്തിയ ഈ ചിത്രങ്ങള്‍ ഗാന്ധിജിയുമായി അദ്ദേഹം പുലര്‍ത്തിയിരുന്ന ബന്ധവും വെളിവാക്കുന്നു.
കസ്തൂര്‍ബയോടൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രവും സത്യാഗ്രഹ സമയത്ത് അദ്ദേഹത്തെ ശ്രുശ്രൂഷിക്കുന്ന ബന്ധുക്കളുടെ ചിത്രവും ഗാന്ധിജിയുടെ വ്യക്തിജീവിതം കൂടുതല്‍ ജ്വലിപ്പിക്കുന്നവയാണ്. ഒരു ക്രിസ്ത്യന്‍ യുവാവും കീഴ്ജീതിയില്പ്പെട്ട ഒരു യുവതിയും തമ്മിലുള്ള വിവാഹത്തിന് സാക്ഷ്യം വഹിക്കുന്ന ഗാന്ധിജിയുടെയും കസ്തൂര്ഭയുടെയും ചിത്രം ഗാന്ധിജി മുറുകെ പിടിക്കുന്ന വിശ്വാസങ്ങളെയും അദ്ദേഹം നല്കിയ സന്ദേശങ്ങളെയും ഒറ്റ ഫ്രെയ്മില് ഒതുക്കി നമ്മുടെ മുന്നിലെത്തിക്കുന്നു. മരണം കാത്തുകിടക്കുന്ന കസ്തൂര്‍ഭ ഗാന്ധിയെയും സുഭാഷ് ചന്ദ്രബോസുമായി കുശലാന്വേഷണങ്ങളില് ഏര്‍പ്പെട്ടിരിക്കുന്ന ഗാന്ധിജിയെയും രബീന്ദ്രനാഥ് ടാഗോറുമൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രവുമെല്ലാം കാണാന്‍ ഈ ചിത്ര-ലേഖനം അപൂര്‍വ്വമായ അവസരമാണ് ഒരുക്കിയിരിക്കുന്നത്.
ബി.ബി.സി പ്രസിദ്ധീകരിച്ച ചിത്രങ്ങള്‍ ഇവിടെ കാണാം...