തെലങ്കാന: വീല്‍ ചെയര്‍ ലഭിക്കുന്നതിന് കൈക്കൂലി നല്‍കാന്‍ പണമില്ലാത്തതിനെത്തുടര്‍ന്ന് രോഗി ഡോക്ടറെ കാണാന്‍ പോയത് ഇളയ മകന്റെ കളിവണ്ടിയില്‍ (ടോയ് സ്‌കൂട്ടര്‍). തെലങ്കാനയില്‍ ഏറ്റവും വലിയ സര്‍ക്കാര്‍ ആസ്പത്രിയായ ഗാന്ധി ആസ്പത്രിയിലാണ് സംഭവം നടന്നത്.

33 കാരനായ രാജുവിനാണ് ഈ ദുരനുഭവമുണ്ടായത്. കഴിഞ്ഞവര്‍ഷം ആഗസ്റ്റിലുണ്ടായ ഒരു അപകടത്തില്‍ രാജുവിന് തലയ്ക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് ഒരു ശസ്ത്രക്രിയ നടത്താനായി കഴിഞ്ഞ ആറുമാസമായി കാത്തിരിക്കുകയാണ് ഇദ്ദേഹം. നേരത്തെ കാശു കൊടുത്താണ് വീല്‍ ചെയര്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് തവണയായി ഇളയ മകന്റെ കളിവണ്ടിയാണ് ആശുപത്രിയില്‍ താന്‍ ഉപയോഗിക്കുന്നതെന്ന് രാജു പറഞ്ഞു. പാവങ്ങളായ തങ്ങള്‍ക്ക് എല്ലാത്തവണയും വീല്‍ ചെയറിന് മാത്രം 150 രൂപ കൊടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.

ടോയ് സ്‌കൂട്ടറില്‍ നിരങ്ങി പോകുന്ന രാജുവിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായപ്പോള്‍ മന്ത്രി കെ.ടി.രാമറാവു തന്നെ നേരിട്ട് രംഗത്തെത്തി. ആസ്പത്രി സൂപ്രണ്ടുമായി സംസാരിച്ചിട്ടുണ്ടെന്നും രോഗിയുടെ വിവരങ്ങള്‍ അറിയണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അപകടമുണ്ടായതിന് ശേഷം രണ്ട് മാസമാണ് രാജു ഗാന്ധി ആസ്പത്രിയില്‍ ചികില്‍സ തേടിയത്. ഇതിന് ശേഷം ഇദ്ദേഹത്തെ വിട്ടയയ്ക്കുകയായിരുന്നു. കൂടാതെ ശസ്ത്രക്രിയക്കാവശ്യമായ രക്തം കണ്ടെത്താനും ആസ്പത്രി അധികൃതര്‍ ഇവരോടാവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷം ഓരോ തവണ ചെല്ലുമ്പോഴും കിടക്കയില്ലെന്ന് പറഞ്ഞ് ഇവരെ തിരിച്ചയക്കുകയായിരുന്നുവെന്ന് രാജുവിന്റെ ഭാര്യ സന്തോഷി പറഞ്ഞു.