Indian soldiers at Ladakh. Photo: PTI File photo
അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം പലതുണ്ടായിട്ടും നാല് പതിറ്റാണ്ടിനിടെ ഒരൊറ്റ ബുള്ളറ്റുപോലും പ്രയോഗിക്കേണ്ടി വന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് രണ്ട് വര്‍ഷം മുമ്പാണ്. മോദിയുടെ വാക്കുകളെ ചൈനീസ് വിദേശകാര്യ മന്ത്രാലയം വാഴ്ത്തുകയും ചെയ്തു. ഈ പരസ്പര വാഴ്ത്തലുകള്‍ക്കിയില്‍ പോലും ഉരസലുകള്‍ നടന്നെങ്കിലും സംഘര്‍ഷത്തില്‍ ജീവന്‍ പൊലിയുന്നത് 45 വര്‍ഷത്തിനിടയില്‍ ഇതാദ്യമാണ്.
ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ ഇന്നലെ രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ കേണലിനും രണ്ട് ജവാന്‍മാര്‍ക്കുമാണ് വീരമൃത്യു സംഭവിച്ചത്. ആന്ധ്ര വിജയവാഡ സ്വദേശിയായ കേണല്‍ സന്തോഷ് ബാബുവാണ് വീരമൃത്യുവരിച്ചവരില്‍ ഒരാള്‍. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ഗല്‍വാന്‍ താഴ്‌വരയില്‍ നിലയുറപ്പിച്ചിട്ടുള്ള ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ കമാന്‍ഡിങ് ഓഫിസറാണു കൊല്ലപ്പെട്ട സന്തോഷ് ബാബു. ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ 1975-നു ശേഷം സൈനികരുടെ മരണം ഇതാദ്യമായാണ്.
ജമ്മു കശ്മീര്‍മുതല്‍ അരുണാചല്‍ പ്രദേശ് വരെ 3488 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ളത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ മേഖലകളിലൂടെയാണ് ഇത് കടന്നുപോകുന്നത്. ഈ അതിര്‍ത്തിയുടെ പല ഭാഗവും ഇപ്പോഴും വ്യക്തമായി നിര്‍ണയിച്ചിട്ടില്ല. കോളനി ഭരണത്തിന്റെ ബാക്കിപത്രമാണിത്. പല കാലങ്ങളില്‍ വരച്ച ഭൂപടങ്ങളെ പല തരത്തിലാണ് ഇരുരാജ്യവും മനസ്സിലാക്കിയത്. ഇവ രണ്ടുമാണ് പതിറ്റാണ്ടുകളായി തുടരുന്ന അതിര്‍ത്തിപ്രശ്‌നത്തിന്റെ കാരണവും.
അതിര്‍ത്തി വിഷയത്തിലുള്ള സംഘര്‍ഷങ്ങളും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പതിവാണ്. ചൈനീസ് അതിര്‍ത്തി പട്രോളുകള്‍ പലപ്പോഴും നിയന്ത്രണരേഖ (എല്‍.ഒ.സി.) കടന്ന് ഇന്ത്യന്‍ ഭാഗത്തേക്കു വരാറുള്ളത് പുതിയ കാര്യമല്ല. 1962-ലെ യുദ്ധത്തിനു ശേഷം ചെറിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ക്ക് പലപ്പോഴും അതിര്‍ത്തി വേദിയാകാറുണ്ട്. എന്നാല്‍ ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ അതിര്‍ത്തി വിഷയത്തിലുള്ള സംഘര്‍ഷം ഇത്രത്തോളം മൂര്‍ച്ഛിക്കുന്നത് ഇതാദ്യമാണ്.
ഇരുരാജ്യവും തമ്മിലുള്ള പതിവ് തര്‍ക്കപ്രദേശമായ ലഡാക്കില്‍ 1865-ല്‍ ബ്രിട്ടീഷുകാര്‍ വരച്ച അതിര്‍ത്തിയാണ് ഇന്ത്യ അംഗീകരിക്കുന്നത്. ഇതനുസരിച്ച് അക്‌സായി ചിന്‍ ജമ്മു കശ്മീരിന്റെ ഭാഗമാണ്. എന്നാല്‍ ഇത് ചൈന അംഗീകരിക്കുന്നില്ല. അംഗീകരിക്കുന്നില്ലെന്ന് അറിയിക്കാനായി 1950-കളില്‍ വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഷിന്‍ജിയാങ്ങിനെയും ടിബറ്റിനെയും ബന്ധിപ്പിച്ച് അക്‌സായി ചിന്നിലൂടെ റോഡും പണിതു.
വടക്കുകിഴക്ക് ഭാഗത്തെത്തിയാല്‍ അതിര്‍ത്തിരേഖയായി ഇന്ത്യ അംഗീകരിക്കുന്നത് മക്മഹോന്‍ രേഖയാണ്. 1914-ലെ ഷിംല സമ്മേളനത്തില്‍ ബ്രിട്ടന്റെയും ടിബറ്റിന്റെയും പ്രതിനിധികള്‍ അംഗീകരിച്ച ഈ രേഖയെ ചൈന വിലവെക്കുന്നില്ല. ടിബറ്റിനെ സ്വതന്ത്ര പരമാധികാര രാജ്യമായി ചൈന കണക്കാക്കുന്നില്ല എന്നതാണ് കാരണം. അരുണാചല്‍ പ്രദേശ് ടിബറ്റിന്റെ ഭാഗമാണെന്നാണ് ഇപ്പോഴും ചൈനയുടെ വാദം. തെക്കന്‍ ടിബറ്റ് എന്നാണ് അരുണാചലിനെ അവര്‍ വിളിക്കുന്നത്. അക്‌സായി ചിന്‍ വിട്ടുകൊടുത്താല്‍, അരുണാചലിനു മേലുള്ള അവകാശവാദം ഉപേക്ഷിക്കാമെന്നതുള്‍പ്പെടെ പല നിര്‍ദേശങ്ങളും പല കാലങ്ങളിലായി തര്‍ക്കപരിഹാരത്തിനായി ചൈന മുന്നോട്ടുവെച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും ഇത്തരം തര്‍ക്കഭൂമികളുണ്ടെങ്കിലും പ്രശ്‌നങ്ങള്‍ ഇത്ര രൂക്ഷമാകാറില്ല.
ഇന്ത്യ സ്വതന്ത്രയായി രണ്ടു വര്‍ഷത്തിനുശേഷം രൂപവത്കൃതമായ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുമായി നല്ല ബന്ധം എന്നതായിരുന്നു ജവാഹര്‍ലാല്‍ നെഹ്രു സര്‍ക്കാറിന്റെ നയം. എന്നാല്‍, ടിബറ്റില്‍ ചൈന കടന്നുകയറിയതോടെ ഈ തത്ത്വം പാലിക്കാന്‍ നിര്‍വാഹമില്ലാതെ വന്നു. എങ്കിലും 1954-ല്‍ പഞ്ചശീല തത്ത്വങ്ങളിലൂടെ 'ഇന്ത്യ-ചൈന ഭായിഭായി' എന്ന നയമാണ് നെഹ്രു സ്വീകരിച്ചത്. ഇന്ത്യയെ അപ്പോഴും സംശയത്തോടെ വീക്ഷിച്ചിരുന്ന ചൈന, ടിബറ്റിലെ വിപ്ലവത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നു ധരിച്ചു. ദലൈ ലാമയ്ക്ക് അഭയം നല്‍കിയത് ഈ ധാരണയ്ക്ക് ആക്കം കൂട്ടി.
1962 ഒക്ടോബര്‍ 20-ന് നിനച്ചിരിക്കാതെ ഇന്ത്യയെ ചൈന ആക്രമിച്ചു. ചൈന ഒരിക്കലും ആക്രമിക്കില്ലെന്ന് വിശ്വസിച്ചിരുന്ന ഇന്ത്യ യുദ്ധത്തിന് സജ്ജമായിരുന്നില്ല. യുദ്ധം ഒരുമാസത്തോളം നീണ്ടു. നവംബര്‍ 21-ന് ചൈന വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. 1967 സെപ്റ്റംബറിലും ഒക്ടോബറിലും ചൈനീസ് പട്ടാളം നാഥു ലാ ചുരത്തിലും കുറച്ചു വടക്കു മാറിയുള്ള ഛോ ലാ ചുരത്തിലും ഇന്ത്യന്‍ സൈനിക പോസ്റ്റുകളെ ആക്രമിച്ചു. അതിര്‍ത്തി വേലി കെട്ടുകയായിരുന്നു പട്ടാളക്കാര്‍ക്കു നേരേയായിരുന്നു നാഥു ലായി ല്‍ ആക്രമണം. എന്നാല്‍ സ്ഥിതി 1962-ലേതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ഇന്ത്യയുടെ ചെറുത്തുനില്‍പ്പിലും തിരിച്ചടിയിലും ചൈനീസ് പട്ടാളം നാശനഷ്ടങ്ങളോടെ പിന്‍മാറി. നാഥു ലായിലെ ഒട്ടേറെ ചൈനീസ് പട്ടാള പോസ്റ്റുകള്‍ ഇന്ത്യ തകര്‍ക്കുകയും ചെയ്തു. ഛോ ലാ ചുരത്തില്‍ ചൈനീസ് പട്ടാളത്തെ മൂന്നു കിലോ മീറ്റര്‍ പിന്നോട്ടോടിക്കാന്‍ ഇന്ത്യക്കായി.
യുദ്ധാനന്തരം 1976-ല്‍ നയതന്ത്രബന്ധങ്ങള്‍ പുനഃസ്ഥാപിച്ചെങ്കിലും അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതില്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ഇതുവരെ പുരോഗതി കൈവരിക്കാനായില്ല. എന്നാല്‍ 1975-നും ശേഷം വലിയതോതില്‍ വെടിവയ്പു പോലും മേഖലയില്‍ ഉണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച് 2016-2018 കാലയളവില്‍ 1,025 തവണയാണ് ചൈനീസ് സൈന്യം അതിര്‍ത്തി ലംഘിച്ചത്. 2017 ല്‍ ദോക് ലാമില്‍ രണ്ടു മാസത്തോളമാണ് ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ നേര്‍ക്കുനേര്‍ നിന്നത്.
ഇന്ത്യ- ചൈന ബന്ധത്തിന്റെ നാള്‍വഴി
- 1947 ഇന്ത്യ സ്വതന്ത്രമാകുന്നു
- 1949 ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍
- 1950 ടിബറ്റ് ചൈന കൈയടക്കുന്നു
- 1950-കളില്‍ ഇരുരാജ്യവും അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നു; അതിര്‍ത്തികള്‍ ഭൂമിയില്‍ തര്യപ്പെടുത്തിയിട്ടില്ലാത്തയിടങ്ങളില്‍ തര്‍ക്കങ്ങള്‍ മുറുകുന്നു.
- 1959 ദലൈ ലാമയുടെ ഇന്ത്യയിലേക്കുള്ള പലായനം
- 1960 ചൗ എന്‍ലായുടെ ഇന്ത്യ സന്ദര്‍ശനം പരാജയം
- 1962 നേഫയില്‍ ചൈനീസ് സേന യുദ്ധമാരംഭിക്കുന്നു.
- 1963 സക്സഗം താഴ്‌വര പാകിസ്താന്‍ ചൈനയ്ക്ക് കൈമാറുന്നു. ചൈന-പാക് സൗഹൃദം സുദൃഢമാകുന്നു
- 1976 ഇന്ത്യ-ചൈന നയതന്ത്രബന്ധം പുനഃസ്ഥാപിക്കപ്പെടുന്നു.
- 1986-'87 അതിര്‍ത്തി വീണ്ടും അശാന്തം; യുദ്ധഭീതി പരക്കുന്നു
- 1988 രാജീവ് ഗാന്ധിയുടെ സുപ്രധാന ചൈന സന്ദര്‍ശനം
- 2003 വാജ്പേയിയുടെ ചൈന സന്ദര്‍ശനം; അതിര്‍ത്തിപ്രശ്‌നപരിഹാരത്തിന് പ്രത്യേക പ്രതിനിധികളുടെ ചര്‍ച്ചാ സംവിധാനം
- 2008 മുതല്‍ ചൈനീസ് പട്രോളുകളുടെ അതിര്‍ത്തിലംഘനങ്ങള്‍ വര്‍ധിപ്പിക്കുന്നു
- 2013 ലഡാക്കില്‍ ചൈനീസ് പട്രോള്‍ തമ്പടിക്കുന്നു. തുടര്‍ന്ന് ചൈനീസ് പ്രീമിയര്‍ ലീ ഖ്ചിയാങിന്റെ ഇന്ത്യാസന്ദര്‍ശനം
- 2014 ലഡാക്കില്‍ വീണ്ടും വന്‍ അതിര്‍ത്തിലംഘനം; പ്രസിഡന്റ് ഷി ജിന്‍ പിങ് ഇന്ത്യയിലെത്തിയിട്ടും ചൈനീസ് സൈന്യം നിയന്ത്രണരേഖയ്ക്കുള്ളില്‍ തുടരുന്നു
- 2017 ഭൂട്ടാന്‍ അതിര്‍ത്തിയില്‍ ദോക് ലാമില്‍ ഇന്ത്യ-ചൈന സേനകള്‍ നേര്‍ക്കുനേര്‍
- 2018 ചൈനയിലെ വുഹാനില്‍ മോദി-ഷി അനൗദ്യോഗിക ഉച്ചകോടി; ബന്ധങ്ങളിലെ പിരിമുറുക്കം അയയുന്നു.
- 2019 സെപ്റ്റംബര്‍: കശ്മീര്‍പ്രശ്‌നത്തില്‍ ചൈന, പാകിസ്താന് പൂര്‍ണപിന്തുണ പ്രഖ്യാപിക്കുന്നു.
- 2019 മോദി-ഷി രണ്ടാം അനൗദ്യോഗിക ഉച്ചകോടി മാമല്ലപുരത്ത്; നിയന്ത്രണരേഖയില്‍ കൂടുതല്‍ വ്യക്തതയുണ്ടാക്കാന്‍ നീക്കങ്ങളുണ്ടാകുമെന്ന് സൂചന; ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ വര്‍ധനയ്ക്കും സാധ്യത
- 2019 ഒക്ടോബര്‍: ഷി ജിന്‍ പിങ്ങിന്റെ ഇന്ത്യാസന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ചൈന, കശ്മീര്‍പ്രശ്‌നത്തില്‍ പഴയ നിലപാടിലേക്ക് തിരിച്ചുപോകുന്നു.
- 2020 ജൂണ്‍ : ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ ഏറ്റുമുട്ടല്‍; കേണലുള്‍പ്പടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..