ന്യൂഡല്‍ഹി: ഗാല്‍വന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി രംഗത്ത്. ചൈനീസ് സൈനികരുമായുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കാനിടയായ സംഭവത്തില്‍ ഇനിയും വ്യക്തത ലഭിച്ചിട്ടില്ലെന്ന് അവര്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 15-നാണ് ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ സംഘര്‍ഷമുണ്ടായത്. നിരവധി ചൈനീസ് സൈനികരും സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടിരുന്നു. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ അഞ്ച് പതിറ്റാണ്ടിനിടെ ഉണ്ടാകുന്ന ഇത്തരത്തിലുള്ള ആദ്യ സംഭവമായിരുന്നു ഇത്.

മുന്‍പ് ഒരിക്കലും ഉണ്ടാകാത്ത വിധമുള്ള സംഘര്‍ഷത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്തൊക്കെയാണ് എന്ന കാര്യത്തില്‍ വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയില്‍ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു താന്‍ എന്ന് സോണിയ പറഞ്ഞു. ഇന്ത്യയുടെ ധീര ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കടന്നുകയറ്റം നടന്നിട്ടില്ലെന്ന തരത്തില്‍ പ്രധാനമന്ത്രി ഒരും വര്‍ഷം മുമ്പ് പറഞ്ഞതില്‍പ്പോലും ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ലെന്ന് സോണിയ ആരോപിച്ചു.

സംഭവത്തിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് കോണ്‍ഗ്രസ് പല തവണ ആവശ്യപ്പെട്ടതാണ്. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ തല്‍സ്ഥിതി പുനഃസ്ഥാപിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും കോണ്‍ഗ്രസ് ആരാഞ്ഞിരുന്നു. ഇനിയെങ്കിലും ഇക്കാര്യത്തില്‍ രാജ്യത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് സോണിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സോണിയയുടെ വമര്‍ശത്തില്‍ ഇതുവരെ ബിജെപിയുടെ പ്രതികരണം വന്നിട്ടില്ല.

Content Highlights: Galwa clash: patiently waited one year but no clarity - Sonia