ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ ജോലിയെവിടെ എന്ന പരാമര്‍ശം ചര്‍ച്ചയാകുന്നു. ഗഡ്കരിയുടെ ചോദ്യം തിരിച്ച് ചോദിച്ചുകൊണ്ട് ഇത് തന്നെയല്ലേ എല്ലാ ഇന്ത്യക്കാരും ചോദിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പറയുന്നു

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ സംവരണ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ജോലിയില്ല എന്ന പ്രസ്താവന നടത്തിയത്‌.

സംവരണം നല്‍കിയാലും കൊടുക്കാന്‍ ജോലിയില്ലെന്നായിരുന്നു ഗഡ്കരി പറഞ്ഞത്. 

"ഐടിയുടെ രംഗപ്രവേശനത്തോടെ ബാങ്കിങ് മേഖലയില്‍ അവസരങ്ങള്‍ ചുരുങ്ങി, സര്‍ക്കാര്‍ സര്‍ക്കാര്‍ ജോലിയും മരവിച്ചിരിക്കുകയാണ്. എവിടെയാണ് ജോലിയുള്ളത്" - ഗഡ്കരി ചോദിക്കുന്നു. 

ഗഡ്കരിയുടെ പ്രസ്താവനയേക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ട് ടാഗ് ചെയ്താണ് രാഹുല്‍ മറു ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. "മികച്ച ചോദ്യം ഗഡ്കരി ജീ. എല്ലാ ഇന്ത്യക്കാര്‍ക്കും ചോദിക്കാനുള്ളത് ഇതേ ചോദ്യം തന്നെയാണ്". 

ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന ബിജെപിയുടെ വാഗ്ദാനം പൊള്ളയാണെന്ന് തെളിഞ്ഞെന്ന പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തു വന്നു.

 

 

Content Highlights: Nitin Gadkari asks ‘where are the jobs’, Rahul Gandhi says Indians asking same question