
-
ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ ഒരുമിച്ചുനിന്ന് പോരാടാന്‍ ആഹ്വാനം ചെയ്ത് ജി-20 രാജ്യങ്ങള്‍. ആഗോള സാമ്പത്തിക രംഗത്തെ പ്രതിസന്ധി മറികടക്കുന്നതിന് അഞ്ച് ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജന പാക്കേജും പ്രഖ്യാപിച്ചു. കൊറോണ വൈറസിനെതിരായ ശക്തമായ കര്‍മപദ്ധതികള്‍ക്ക് ഉതകുംവിധം ലോകാരോഗ്യ സംഘടനയെ നവീകരിക്കണമെന്നും ഉച്ചകോടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ആയാണ് രാജ്യത്തിന്റെ തലവന്മാര് ഉച്ചകോടിയില്‍ പങ്കെടുത്തത്.
മഹാമാരിയെ പ്രതിരോധിക്കുന്നതിന് ലോകത്താകെ ശക്തവും സുതാര്യവും ശാസ്ത്രീയവും ഏകപനത്തോടെയുള്ളതുമായ ഐക്യപ്പെടല്‍ ആവശ്യമാണെന്ന് ഉച്ചകോടി പ്രസ്താവനയില്‍ പറഞ്ഞു. പൊതു ഭീഷണിക്കെതിരെ ഒരുമിച്ചു നിന്നു പോരാടാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. മഹാവ്യാധിയുണ്ടാക്കുന്ന സാമൂഹ്യവും സാമ്പത്തികവുമായ ആഘാതങ്ങളെ ചെറുക്കുന്നതിന് ജി-20 രാജ്യങ്ങള്‍ സംയുക്തമായി അഞ്ച് ലക്ഷം കോടി ഡോളര്‍ ലോക സാമ്പത്തിക രംഗത്ത് ഇറക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
ജി-20 രാജ്യങ്ങള്‍ ചേര്‍ന്ന് മുന്നോട്ടുവെക്കുന്ന ഈ സാമ്പത്തിക ഉത്തേജന പാക്കേജ് ലോക സമ്പദ് രംഗത്തെ പൂര്‍വസ്ഥിതിയിലേയ്ക്ക് തിരികെകൊണ്ടുവരുമെന്നും തൊഴില്‍ മേഖലയെ സംരക്ഷിച്ച് വളര്‍ച്ച ഉറപ്പുവരുത്തുമെന്നും പ്രസ്താവന പറയുന്നു.
മനുഷ്യജീവിതത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള ഒരു പദ്ധതി ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ ചൂണ്ടിക്കാട്ടി. സമൂഹത്തിലെ സാമ്പത്തിക ദുര്‍ബല വിഭാഗങ്ങളുടെ പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള പദ്ധതികള്‍ വേണം. കൊറോണ വൈറസിനെതിരായ ശക്തമായ കര്‍മപദ്ധതികള്‍ക്ക് ഉതകുംവിധം ലോകാരോഗ്യ സംഘടനയെ ശക്തിപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു.
Content Highlights: G20 Pledges $5 Trillion To Revive Global Economy, PM Calls For WHO Reform
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..