മുംബൈ: കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടുഡോസുകളും സ്വീകരിച്ചവര്‍ മുംബൈയിലേക്ക് വിമാനമാര്‍ഗം വരുമ്പോള്‍ ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം കരുതേണ്ടതില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. 

കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സമയത്ത് മേയ് മാസത്തിലാണ് ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് മഹാരാഷ്ട്രയില്‍ ആര്‍.ടി.പി.സി.ആര്‍. നിര്‍ബന്ധമാക്കിയത്. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുന്‍പുള്ള ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. 

കോവിഡ് കേസുകള്‍ ഗണ്യമായി കുറയുന്ന പശ്ചാത്തലത്തില്‍, വാക്സിന്റെ രണ്ടുഡോസും സ്വീകരിച്ചവര്‍ വിമാനത്താവളം വഴി മുംബൈയിലേക്ക് പ്രവേശിക്കുന്നതിന് ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ടതില്ലെന്ന് മുംബൈ മുന്‍സിപ്പല്‍ കമ്മിഷണര്‍ ഇഖ്ബാല്‍ സിങ് ചാഹല്‍ ഉത്തരവ് പുറപ്പെടുവിച്ചു. 

മുംബൈയില്‍നിന്നും ഡല്‍ഹിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും ബിസിനസ് ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്ത് അന്ന് തന്നെ തിരിച്ചെത്തുന്നവരുണ്ട്, അത്തരം സാഹചര്യങ്ങളില്‍ അന്ന് തന്നെ ആര്‍.ടി.പി.സി.ആര്‍. നടത്തുകയും പരിശോധനാഫലം ലഭിക്കുകയും ചെയ്യുക അപ്രായോഗികമാണെന്നും ഇക്ബാല്‍ സിങ് ചാഹല്‍ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

content highlights: Fully vaccinated flyers no longer need negative covid report to enter mumbai