ഹർദീപ് സിങ് പുരി രാജ്യസഭയിൽ സംസാരിക്കുന്നു |ഫോട്ടോ:ANI
ന്യൂഡല്‍ഹി: പെട്രോളിന്റേയും ഡീസലിന്റേയും വാറ്റ് കുറയ്ക്കാത്തതില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളെ വിമര്‍ശിച്ച് വീണ്ടും കേന്ദ്രം. കേരളവും മഹാരാഷ്ട്രയുമടക്കം ഒമ്പത് സംസ്ഥാനങ്ങള്‍ വാറ്റ് കുറച്ചില്ലെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി രാജ്യസഭയില്‍ പറഞ്ഞു.
പല രാജ്യങ്ങളിലും ഇന്ധനവില 50 ശതമാനത്തിന് മുകളില്‍ ഉയര്‍ന്നു, ഇന്ത്യയില്‍ വില മാറ്റമില്ലാതെ തുടരുകയാണ്. മാഹാമാരിയുടെ ഘട്ടത്തില്‍ അഞ്ച് ശതമാനം മാത്രമാണ് രാജ്യത്ത് ഇന്ധന വില ഉയര്‍ത്തിയതെന്നും പെട്രോളിയം മന്ത്രി അവകാശപ്പെട്ടു. ഉപഭോക്താവ് നല്‍കുന്ന ഇന്ധന വില സ്ഥിരതയോടെ തുടരുന്നതില്‍ എല്ലാവരും സന്തോഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് നികുതി ഈടാക്കുന്നത്. മഹാമാരിയുടെ ഘട്ടത്തില്‍ ഇന്ധന നികുതി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ അത് പിന്നീട് കുറച്ചു. കേന്ദ്ര എക്‌സൈസ് തീരുവ ഞങ്ങള്‍ കുറച്ചു. എന്നാല്‍ ഒമ്പത് സംസ്ഥാനങ്ങള്‍ കുറയ്ക്കാന്‍ തയ്യാറായിട്ടില്ല. വില നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ തങ്ങള്‍ ഇനിയും തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
യുഎസ്, കാനഡ, ഫ്രാന്‍സ്, ജര്‍മനി, യുകെ, സ്‌പെയിന്‍ ഈ രാജ്യങ്ങളിലെല്ലാം 50 മുതല്‍ 58 ശതമാനം വരെ ഇന്ധന വില ഉയര്‍ന്നു. എന്നാല്‍ ഇന്ത്യയില്‍ ഈ ഘട്ടത്തില്‍ അഞ്ചു ശതമാനം മാത്രമാണ് വര്‍ധനവ് ഉണ്ടായിട്ടുള്ളത്. അതില്‍ സന്തോഷിക്കണം. പകരം എന്തുകൊണ്ടാണ് ഇത്രയധികം വില ഉയര്‍ത്തുന്നത് എന്ന ചോദ്യമാണ് കേള്‍ക്കുന്നതെന്നും പെട്രോളിയം മന്ത്രി സഭയില്‍ പറഞ്ഞു.
കുറഞ്ഞ വിലയില്‍ ഇന്ത്യക്ക് അസംസ്‌കൃത എണ്ണ നല്‍കാമെന്ന റഷ്യയുടെ വാഗ്ദ്ധാനം സംബന്ധിച്ച് മന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു. 'ലഭ്യമായ എല്ലാ വഴികളും സര്‍ക്കാര്‍ പരിശോധിക്കും. റഷ്യന്‍ സര്‍ക്കാരുമായി ഞാന്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. മതിയായ തലങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. യുദ്ധ സാഹചര്യം നിലനില്‍ക്കുകയാണ്. തീരുമാനങ്ങള്‍ അന്തിമമാകുമ്പോള്‍ ഞാന്‍ നിങ്ങളുമായി പങ്കുവെക്കാം' പുരി പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷവും നടപ്പുസാമ്പത്തിക വര്‍ഷവും പെട്രോളിയം ഉത്പന്നങ്ങളുടെ എക്‌സൈസ് തീരുവ വഴി (സെസ് ഉള്‍പ്പടെ) കേന്ദ്ര സര്‍ക്കാരിന് ലഭിച്ച തുകയും മന്ത്രി രാജ്യസഭയില്‍ വെളിപ്പെടുത്തി.
2018-19 വര്‍ഷത്തില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ എക്‌സൈസ് തീരുവയായി കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത് 2.14 ലക്ഷം കോടി രൂപയാണ്. 2019-20 വര്‍ഷത്തില്‍ 2.23 ലക്ഷം കോടി രൂപ ലഭിച്ചു. 2020-2021 വര്‍ഷത്തില്‍ 3.73 ലക്ഷം കോടി രൂപയായി ഇത് വര്‍ധിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 1.71 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന് പിരിഞ്ഞു കിട്ടിയത്. 16 പ്രധാന എണ്ണ കമ്പനികളുടെ ഡാറ്റ അടിസ്ഥാനമാക്കിയുള്ളതാണ് വിവരങ്ങള്‍.
Content Highlights: fuel prices have gone up by over 50 per cent many countries but india remained stable-hardeep puri
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..