ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതിനെത്തുടര്‍ന്ന് രാജ്യത്തെ ഇന്ധനവിലയിലും നേരിയ കുറവുണ്ടായി. രാജ്യതലസ്ഥാനത്തെ പെട്രോള്‍ വില ശനിയാഴ്ച 17 പൈസ കുറഞ്ഞതായി ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

രാജ്യതലസ്ഥാനത്ത് 77.89 രൂപയാണ് ശനിയാഴ്ചത്തെപെട്രോള്‍ വില. മുംബൈ, കൊല്‍ക്കത്ത, ചെന്നൈ നഗരങ്ങളിലെ പെട്രോള്‍ വിലയില്‍ 17 മുതല്‍ 18 പൈസവരെ കുറവുണ്ടായി.

അസംസ്‌കൃത എണ്ണവില വെള്ളിയാഴ്ച ബാരലിന് 70 ഡോളറില്‍ താഴെ എത്തിയിരുന്നു. കഴിഞ്ഞ ഏപ്രിലിനുശേഷം ആദ്യമായാണ് ക്രൂഡ് ഓയില്‍വില ഇത്രയധികം കുറയുന്നത്. രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ഡീസല്‍ വിലയില്‍ 16 മുതല്‍ 17 പൈസവരെ കുറവുണ്ടായി. കൊച്ചി നഗരത്തില്‍ പെട്രോള്‍ വില 80 രൂപയില്‍ താഴെ എത്തിയിട്ടുണ്ട്.