കൂട്ടിയ തീരുവ പൂര്‍ണമായി കുറയ്ക്കണം: കേന്ദ്രത്തോട് പ്രതിപക്ഷ സംസ്ഥാനങ്ങള്‍


2 min read
Read later
Print
Share

നികുതി കുറച്ച് മഹാരാഷ്ട്രയും രാജസ്ഥാനും

പ്രതീകാത്മക ചിത്രം | PTI

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച കേന്ദ്രനടപടിക്ക് സമ്മിശ്രപ്രതികരണം. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തീരുമാനത്തെ പുകഴ്ത്തുമ്പോള്‍ എട്ടുവര്‍ഷത്തിനിടെ കൂട്ടിയ കേന്ദ്രതീരുവ പൂര്‍ണമായി കുറയ്ക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നിലപാട്. കേരളവും തമിഴ്നാടും ഇക്കാര്യം ആവശ്യപ്പെടുന്നു.

സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന ആഹ്വാനത്തോടും പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്ക് അനുകൂലനിലപാടല്ല. ബംഗാള്‍, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ വാറ്റ് കുറച്ചിട്ടില്ല. എന്നാല്‍, ശിവസേന നേതൃത്വം നല്‍കുന്ന മഹാരാഷ്ട്ര പെട്രോള്‍ ലിറ്ററിന് 2.08 രൂപയും ഡീസലിന് 1.44 രൂപയും കുറച്ചു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരും വാറ്റ് നികുതിയില്‍ ഇളവുനല്‍കി. കേന്ദ്രം മുമ്പ് തീരുവ കുറച്ച നവംബറിലും രാജസ്ഥാന്‍ വാറ്റ് നികുതി കുറച്ചിരുന്നു. ഇന്ധനവില കുറയ്ക്കുന്നത് പരിഗണിക്കുമെന്നാണ് ബി.ജെ.പി. ഭരിക്കുന്ന കര്‍ണാടകസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. 30 രൂപ കൂട്ടിയിട്ട് എട്ടുരൂപ കുറച്ചത് വലിയ ഇളവായി കാണാനാകില്ലെന്നാണ് കേരള ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞത്.

ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014-ലെ നികുതിയെ അപേക്ഷിച്ചുനോക്കുമ്പോള്‍ ഇപ്പോഴത്തെ ഇളവുകള്‍ ഭാഗികം മാത്രമാണെന്ന് തമിഴ്നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ ആരോപിച്ചു. നികുതി കൂട്ടുമ്പോള്‍ കൂടിയാലോചിക്കാത്ത കേന്ദ്രം ഇപ്പോള്‍ സംസ്ഥാനങ്ങളോട് നികുതി കുറയ്ക്കാന്‍ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രത്തെ വിമര്‍ശിച്ച് തെലങ്കാന വ്യവസായമന്ത്രി കെ.ടി. രാമറാവുവും രംഗത്തുവന്നു. 300 ശതമാനം വിലകൂട്ടിയ കടക്കാരന്‍ 30 ശതമാനം വില കുറിച്ചിട്ട് അതു വലിയ ഇളവാണെന്ന് പറയുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

യു.പി.യും മറ്റു സംസ്ഥാനങ്ങളും ഇന്ധനവിലയിലെ വാറ്റ് നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്ന് മുന്‍ മുഖ്യമന്ത്രിയും ബി.എസ്.പി. നേതാവുമായ മായാവതി ആവശ്യപ്പെട്ടു. മധ്യപ്രദേശ് സര്‍ക്കാര്‍ വാറ്റ് കുറയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ആവശ്യപ്പെട്ടു. 2014-ല്‍ മോദിസര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു എക്സൈസ് നികുതി. പഴയ നിരക്കിലേക്ക് തിരിച്ചുപോകണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

രാഷ്ട്രീയതന്ത്രം -കോണ്‍ഗ്രസ്

തീരുവ കുറച്ചത് രാഷ്ട്രീയതന്ത്രമാണെന്നും ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതല്ലെന്നും കോണ്‍ഗ്രസ്. സമ്പദ്വ്യവസ്ഥയെക്കുറിച്ച് ബി.ജെ.പി.ക്ക് ഒരു ധാരണയുമില്ലെന്ന് പാര്‍ട്ടിവക്താവ് ഗൗരവ് വല്ലഭ് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. മാര്‍ച്ചിലെ വിലയിലേക്കാണ് ഇപ്പോള്‍ തിരിച്ചുപോയിരിക്കുന്നത്. 2014-ലെ നിലയിലേക്ക് എക്സൈസ് തീരുവ കുറച്ചാല്‍ മാത്രമേ യഥാര്‍ഥ ആശ്വാസം ലഭിക്കുകയുള്ളൂവെന്നും വല്ലഭ് പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ ചെകുത്താനും കടലിനും ഇടയില്‍ എന്ന അവസ്ഥയിലാണെന്ന് മുന്‍ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. പറഞ്ഞു.

കൊള്ളമുതല്‍ തിരിച്ചുനല്‍കുന്നതുപോലെ -കെ. സുധാകരന്‍

തിരുവനന്തപുരം: ഗത്യന്തരമില്ലാതെ കൊള്ളമുതല്‍ തിരിച്ചുനല്‍കുന്നതുപോലെയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധനത്തീരുവ കുറച്ചതെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. നികുതി കുറയ്ക്കാന്‍ തയ്യാറാകാത്ത സംസ്ഥാനസര്‍ക്കാരിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേരളം ഇന്ധനനികുതി വര്‍ധിപ്പിച്ചില്ലെന്ന് ധനമന്ത്രി പറയുമ്പോഴും 2014-നുശേഷം ഇന്ധനനികുതി വരുമാനം 50 ശതമാനമാണ് ഉയര്‍ന്നത്. ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രസ്താവനയാണ് ധനമന്ത്രി നടത്തുന്നത്. -സുധാകരന്‍ പറഞ്ഞു.

അസത്യം പ്രചരിപ്പിക്കുന്നു -ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും നികുതി കുറയ്ക്കാതെ സംസ്ഥാനസര്‍ക്കാര്‍ അസത്യം പ്രചരിപ്പിക്കുകയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചപ്പോള്‍, കേരളത്തില്‍ ആനുപാതികമായി നികുതിയില്‍ കുറവുണ്ടായി. ഇതിനെ സംസ്ഥാനസര്‍ക്കാര്‍ നികുതി കുറച്ചു എന്ന മട്ടിലാണ് ധനമന്ത്രിയും ഇടതുപക്ഷവും പ്രചരിപ്പിക്കുന്നത്.

ഇന്ധനവില കൂടിയപ്പോള്‍, നാലുതവണ വര്‍ധിപ്പിച്ച വിലയുടെ നികുതി വേണ്ടെന്ന് യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചതാണ്. 619.17 കോടി രൂപയുടെ ആശ്വാസമാണ് ഇതിലൂടെ ജനങ്ങള്‍ക്കു നല്‍കിയത്. ഈ മാതൃകയാണ് ഇടതുസര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്നത്. യു.ഡി.എഫ്. അധികാരം വിട്ട 2016 മേയില്‍ പെട്രോളിന് 64.12 രൂപയും ഡീസലിന് 54.78 രൂപയുമായിരുന്നു വില. ഇപ്പോഴത് യഥാക്രമം 105.76, 94.69 രൂപയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

Content Highlights: Fuel price petrol diesel tax

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi, trudeau

1 min

കടുത്ത നടപടിയുമായി ഇന്ത്യ; കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവച്ചു

Sep 21, 2023


Sukha Duneke

1 min

ഖലിസ്ഥാൻ ഭീകരവാദി കാനഡയിൽ കൊല്ലപ്പെട്ടു: കൊലപാതകം ഇന്ത്യ - കാനഡ ബന്ധം ഉലയുന്നതിനിടെ

Sep 21, 2023


lawrence bishnoi,sukha duneke

1 min

'പാപങ്ങൾക്ക് നൽകിയ ശിക്ഷ' കാനഡയിൽ ഖലിസ്താൻ വാദിയെ കൊലപ്പെടുത്തിയത് തങ്ങളെന്ന് ലോറൻസ് ബിഷ്ണോയി

Sep 21, 2023


Most Commented