ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതിനിടയിൽ രാജ്യത്തിന്റെ ഊർജ ഇറക്കുമതി ആശ്രയത്വം കുറക്കുന്നതിൽ മുൻ സർക്കാരുകൾ ശ്രദ്ധ പുലർത്തിയില്ലെന്ന വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടിലെ എണ്ണ-വാതക പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2020-21 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 85 ശതമാനവും വാതകത്തിന്റെ 53 ശതമാനവും ഇറക്കുമതി ചെയ്തതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ധനവില വർധനവിനെ കുറിച്ച് പരാമർശിക്കാതെയായിരുന്നു മോദിയുടെ പ്രസംഗം.

'വൈവിധ്യമാർന്നതും കഴിവുളളതുമായ നമ്മെ പോലൊരു രാജ്യത്തിന് ഊർജ ഇറക്കുമതിയെ ആശ്രയിക്കാൻ കഴിയുമോ? ഞാൻ ആരേയും വിമർശിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്. ഇക്കാര്യത്തിന് നാം നേരത്തേ ശ്രദ്ധ കൊടുത്തിരുന്നെങ്കിൽ നമ്മുടെ മധ്യവർഗത്തിന് ഭാരമുണ്ടാകുമായിരുന്നില്ല.' പ്രധാനമന്ത്രി പറഞ്ഞു. ശുദ്ധവും ഹരിതവുമായ ഊർജ സ്രോതസ്സുകൾക്കായും ഊർജ സ്വാതന്ത്ര്യത്തിനായും പ്രവർത്തിക്കേണ്ടത് കൂട്ടായ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഞങ്ങളുടെ സർക്കാർ മധ്യവർഗത്തിന്റെ ആശങ്കകളെ കുറച്ച് ശ്രദ്ധ പുലർത്തുന്നവരാണ്. അതുകൊണ്ടാണ് കർഷകരെയും ഉപഭോക്താക്കളെയും സഹായിക്കുന്നതിനായി എഥനോളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കരിമ്പിൽനിന്ന് വേർതിരിച്ചെടുക്കുന്ന എഥനോൾ പെട്രോളിൽ ചേർക്കുന്നത് വഴി ഇറക്കുമതിയുടെ ആവശ്യകത കുറക്കാനായി കഴിയും. നിലവിൽ പെട്രോളിൽ ചേർക്കുന്ന എഥനോളിന്റെ അനുപാതം 8.5 ശതമാനമാണ്. 2025 ആകുന്നതോടെ ഇത് 20 ശതമാനമായി ഉയർത്തും. ഇത് എണ്ണയുടെ ഇറക്കുമതി കുറയ്ക്കുന്നതിനും കർഷകർക്ക് ഇതരവരുമാനം കണ്ടെത്തുന്നതിനും സഹായിക്കും.

പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്നുളള ഊർജവിഹിതം വർധിപ്പിക്കുന്നതിലാണ് ഇന്ത്യ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2030 ആകുന്നതോടെ രാജ്യത്ത് ഉല്പാദിപ്പിക്കുന്ന ഊർജത്തിന്റെ 40 ശതമാനവും ഹരിത ഊർജസ്രോതസ്സുകളിൽ നിന്നായിരിക്കും. ഇപ്രകാരം ശേഷി വർധിപ്പിക്കുന്നതിലൂടെ ഊർജ ഇറക്കുമതി കുറയ്ക്കാനാണ് രാജ്യം ശ്രമിക്കുന്നത്.'- പ്രധാനമന്ത്രി പറഞ്ഞു.

Content Highlights: Fuel price hike PM Modi blames previous govt for not cutting importing